X
    Categories: MoreViews

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല; കേന്ദ്രം

 

ന്യൂഡല്‍ഹി: ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കു ശേഷം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രാജ്‌നാഥ് ഈ സാഹചര്യത്തെ അതീവ ഗുരുതരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും പറഞ്ഞു. ചുഴലിക്കാറ്റില്‍പ്പെട്ട് കേരളത്തില്‍ 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാകുകയും ചെയ്‌തെന്ന് അദ്ദേഹം വെളിപ്പെടുത്തി.
28 ന് 12 മണിക്ക് തന്നെ ഓഖി സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാനത്തിന് നല്‍കിയിരുന്നെന്ന് അദ്ദേഹം സഭയെ അറിയിച്ചു. എന്നാല്‍ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് മുന്നറിയിറിപ്പ് നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. 1925ന് ശേഷം ആദ്യമായാണ് കേരളത്തില്‍ ഇത്തരമൊരു ചുഴലിക്കാറ്റ് എത്തിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ച കെ.സി വേണുഗോപാല്‍ എം.പിയാണ് തുടക്കം കുറിച്ചത്. മികച്ച നിരീക്ഷണ സംവിധാനമുണ്ടെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു. മുന്നറിയിപ്പ് നല്‍കിയതിലും പുനരധിവാസത്തിലും വീഴ്ച പറ്റിയതായി എം.പി ആരോപിച്ചു. ദുരന്തത്തില്‍ സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നറിയിപ്പുണ്ടായിട്ടും ഉത്തരവാദിത്വമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പെരുമാറിയത് എന്ന് സഭയില്‍ കേരളത്തില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാനെത്തിയ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് അദ്ദേഹം നന്ദിയറിയിച്ചു. ഹേയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടത് എം.പിമാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്ന ജനങ്ങളുടെ തോന്നല്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. മൂന്നര ലക്ഷം വീടുകള്‍ പൂര്‍ണമായും മുപ്പതിനായിരം വീടുകള്‍ ഭാഗികമായും ദുരന്തത്തില്‍ തകര്‍ന്നെന്ന് സി.പി.എം എം.പി പി. കരുണാകരന്‍ പറഞ്ഞു. വേണ്ടത്ര സംവിധാനങ്ങളില്ലാതെയാണ് നേവിയുടെ കപ്പല്‍ പോലും പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു. ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ഡോപഌ റഡാര്‍ സംവിധാനത്തിന് 20 കോടി രൂപ ചെലവഴിച്ചിരുന്നുവെന്നും അതിനെന്ത് സംഭവിച്ചുവെന്നും തരൂര്‍ ചോദിച്ചു.
ലക്ഷദ്വീപില്‍ നിന്നുള്ള മുഹമ്മദ് ഫൈസല്‍ എം.പി ദുരന്തത്തിന്റെ ആഴം വിശദീകരിച്ചു. ഒരു ചുഴലിക്കാറ്റുണ്ടാകുമ്പോള്‍ ബോട്ടുകള്‍ക്കു പോലും ഷെല്‍ട്ടറുകളില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ആവശ്യം. സമാന ആവശ്യം തന്നെയാണ് ജോസ് കെ. മാണി എം.പിയും ഉന്നയിച്ചത്.
ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. ദുരന്തം വിതച്ച കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനും 325 കോടി രൂപയുടെ അടിയന്തരസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദുരന്തപ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി മുന്നോട്ടുവെച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ദുരിതാശ്വാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് എല്ലാ സഹായവും ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു.

chandrika: