X
    Categories: columns

വേണ്ടത് ഗാന്ധിയന്‍ സമരമാര്‍ഗം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വര്‍ത്തമാന ഇന്ത്യ ഇന്ന് തേടുന്നത് ഗാന്ധിജിയുടെ സമരമാര്‍ഗമാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടനെ വിറപ്പിച്ചുനിര്‍ത്താന്‍ ഗാന്ധിജിയുടെ സമര മാര്‍ഗങ്ങള്‍ക്ക് സാധിച്ചിരുന്നു. ജനാധിപത്യത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടച്ച് ഏകശിലാരൂപമായ രാജ്യത്തെ വാര്‍ത്തെടുക്കാന്‍ ഇന്ന് ഭരിക്കുന്നവര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ രാജ്യത്ത് രൂപപ്പെടേണ്ടത് ഗാന്ധിമാര്‍ഗത്തിലുള്ള സമരങ്ങളാണ്. സ്വാതന്ത്ര്യത്തിനായി വിവിധ സമര രീതികള്‍ രൂപപ്പെടുത്തിയ ഗാന്ധിക്ക് സമരത്തെ മത ജാതി ചിന്തകള്‍ക്കപ്പുറം നാം ഇന്ത്യക്കാര്‍ എന്ന ബാനറിലേക്ക് കൊണ്ടുവരാനും സാധിച്ചു. ഭിന്നിപ്പിക്കുന്ന ഭരണകൂടത്തിനെതിരെ ഒന്നിച്ചു നില്‍ക്കുക എന്നതാണ് വലിയ സമരം. ഇന്നത്തെ ഇന്ത്യക്കും ഒന്നിച്ചു നില്‍ക്കുക എന്ന സമരമാണ് ആവശ്യം. അത്തരം കൂട്ടായ്മ ഇന്ത്യയിലെ മതേതര ചേരിക്ക് സാധ്യമാവണം എന്നതാണ് ഗാന്ധിജയന്തിദിനത്തില്‍ നമ്മുടെ പ്രതിജ്ഞയാവേണ്ടത്.

ജനാധിപത്യ നിരാസവും മതേതരത്വ ധ്വംസനവും മനുഷ്യാവകാശ ലംഘനവും തുടര്‍ക്കഥയാവുന്ന ഘട്ടത്തില്‍ രാഹുല്‍ഗാന്ധിയുടെ ചുവടുവെപ്പുകള്‍ ഇന്ത്യക്ക് പ്രതീക്ഷയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര ശക്തികളുടെ ചേര്‍ന്നുനില്‍പ്പില്ലാതെ രാജ്യത്തിന് കരകേറാനാവില്ല എന്ന വാക്കുകള്‍ തന്നെയാണ് ആവര്‍ത്തിച്ച് പറയുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടന്നു നീങ്ങിയ വഴി എളുപ്പമുള്ള വഴിയല്ല, ദുര്‍ഘടമാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മണ്ണിലൂടെയാണ്. നാവരിഞ്ഞ,നട്ടെല്ല് തകര്‍ത്ത ആ പെണ്‍കുട്ടിയുടെ മൃതശരീരം രഹസ്യമായി അര്‍ധരാത്രിയില്‍ സംസ്‌കരിച്ച മണ്ണിലൂടെ. വൈകാരികമായ ഏതെങ്കിലും വിഷയത്തിന്റെ കൂടെ മാത്രം ചര്‍ച്ച ചെയ്യേണ്ടതല്ല ഇന്നത്തെ ഇന്ത്യനവസ്ഥ. അത്രമേല്‍ അപകടം നിറഞ്ഞതാണ് സാഹചര്യം.

മതേതര കക്ഷികളുടെ സൈദ്ധാന്തിമായ കാടുകയറിയ ചര്‍ച്ചകളോ, കഴിഞ്ഞകാലത്ത് ആര്‍ക്കൊക്കെ പാകപ്പിഴകള്‍ വന്നു എന്ന ചരിത്രത്തിന്റെ മൈക്രോസ്‌കാപ്പ് വെച്ച അന്വേക്ഷണമോ പരസ്പരം പരിഹാസവാക്കുകളുടെ വെര്‍ബല്‍ ഡയേറിയകൊണ്ടോ സാമൂഹിക മാധ്യങ്ങളിലെ ട്രോളുകൊണ്ടോ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. പ്രായോഗികമായ ജനാധിപത്യ മാര്‍ഗങ്ങളാണ് അന്വേഷിക്കേണ്ടതും സ്വീകരിക്കേണ്ടതും. ഇന്ത്യയെ ഈ ദുസ്ഥിതിയില്‍ നിന്നും രക്ഷപ്പെടുത്താനുള്ള വഴികളന്വേഷിക്കാന്‍ കൂടിയിരിക്കാനെങ്കിലും മതേതര ചേരി തയ്യാറാവണം. നാളത്തെ ഇന്ത്യ മതേതര ചേരിയുടെ ഇന്നത്തെ ഐക്യത്തിനനുസരിച്ചാണ് എന്ന് ബോധ്യപ്പെടാത്ത കാലത്തോളം ദുരന്തങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കും. സംഘ്പരിവാര്‍ എങ്ങിനെ അധികാരത്തിലെത്തി എന്നതിന്റെ ഉത്തരത്തില്‍നിന്നു വേണം ഈ ദുര്‍ഭരണത്തിനെതിരെ എങ്ങിനെ നിലകൊള്ളണം എന്ന നിലപാട് സ്വീകരിക്കാന്‍.

മതേതര ചേരികളുടെ ഭിന്നിപ്പില്‍നിന്നാണ് ഈ ദുര്‍ഭരണം ഇന്ത്യ സ്വീകരിക്കേണ്ടിവന്നത്. 2014ല്‍ 31 ശതമാനം മാത്രം വോട്ടുകള്‍ നേടിയാണ് ഇവര്‍ അധികാരത്തിലെത്തിയത്. 2019 ല്‍ 40 ശതമാനത്തിനു താഴെ വോട്ടുകള്‍ നേടി എന്നു പറയുമ്പോള്‍ വോട്ടിങ് നില ഒന്നു കൂടെ പരിശോധിക്കാം. 130 കോടി ജനങ്ങളില്‍ 85 കോടിക്കാണ് സമ്മതിദാന അവകാശമുണ്ടായിരുന്നത്. അതില്‍തന്നെ ദേശീയ കണക്ക്പ്രകാരം 65 ശതമാനത്തിനടുത്ത് പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യ ഭരിക്കുന്നവരുടെ പിന്തുണയും മതേതര ചേരിയുടെ പിന്തുണയും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് ബോധ്യമാവും. കുറ്റിയില്‍ തളച്ച ആനയെപോലെ സ്വന്തത്തെകുറിച്ച് ബോധ്യമില്ലാത്തവരായി മതേതര ചേരികള്‍ മാറി. വിജയിക്കാന്‍ സ്വന്തമായി വോട്ട്‌നേടുന്നതു പോലെ പ്രധാനമാണ് എതിര്‍ ചേരിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കലും എന്ന തന്ത്രം കൃത്യമായി പയറ്റാന്‍ ഭരണകൂടത്തിനു നേതൃത്വം കൊടുക്കുന്നവര്‍ക്കറിയാം. അവരിട്ടചുണ്ടയില്‍ കൊത്തുകയാണ് മതേതര കക്ഷികള്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അധാര്‍മ്മികമായ പുതിയ സംസ്‌കാരങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇന്ത്യയുടെ പാരമ്പര്യമൂല്യങ്ങള്‍ തകര്‍ക്കുന്ന സംസ്‌കാരമാണ് ഭരണകൂടം രൂപപ്പെടുത്തുന്നത്. ഗാന്ധിജിയെ മുന്‍നിര്‍ത്തി മതേതര ചേരി ഒന്നിച്ചുനില്‍ക്കുക മാത്രമാണ് മുന്നില്‍കാണുന്ന രാഷ്ട്രീയ വഴി. ഇന്ത്യ ദാഹിക്കുന്നതും യാചിക്കുന്നതും അതാണ്.

web desk 3: