X
    Categories: columns

യു.പി.എസ്.സി ജിഹാദും എന്‍.ഐ.എ അറസ്റ്റും

ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍

സാംസ്‌കാരികതയോട് ചേര്‍ന്നുനില്‍ക്കുന്ന മതസൗഹാര്‍ദ്ദം കേരളത്തിന്റെ പ്രകടമായ അടയാളമാണ്. എന്നാല്‍ കേരളത്തെക്കുറിച്ചും കേരള ജനതയെക്കുറിച്ചും പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ അവമതിക്കുന്ന തികച്ചും ഫാസിസ്റ്റ് ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും സമീപകാലത്തായി വര്‍ധിച്ചുവരുന്നതിന്റെ തുടര്‍ച്ചയെന്നോണമാണ് യു.പി.എസ്.സി ജിഹാദും എന്‍.ഐ.എ അറസ്റ്റും. മുസ്‌ലിം യുവാക്കളുടെ സിവില്‍ സര്‍വീസ് പ്രവേശനത്തെ അധിക്ഷേപിച്ച് സുദര്‍ശന്‍ ടി.വിയുടെ ബിന്ദാസ് ബോല്‍ എന്ന പരിപാടിയിലാണ് സുരേഷ് ചാഹ്വാങ്കെയുടെ വിദ്വേഷ പ്രസ്താവന.

രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രങ്ങളില്‍ വിവേചനത്തിന്റേയും പക്ഷപാദിത്വത്തിന്റേയും മറയുണ്ടാക്കി ജനങ്ങള്‍ക്ക് ഭരണസാരഥികളെ വര്‍ഗീയതയുടെ കോണിലൂടെ നോക്കിക്കാണാനും ജിഹാദിയെന്ന ദുര്‍വ്യാഖ്യാന നാമം മുസ്‌ലിം സിവില്‍ സര്‍വീസുകാരില്‍ ചാര്‍ത്തികൊടുക്കാനും സഹായകമായിരിക്കും ഈ ദുരാരോപണങ്ങള്‍. യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുന്ന ഫാസിസ്റ്റ് പ്രസ്താവനകള്‍ കേട്ടു പരിചയിച്ച കേരള ജനത കാപട്യത്തിന്റെ ആള്‍രൂപങ്ങളായാണ് വിദ്വേഷ പ്രചാരകരെ കാണുന്നത്.

അതിന്റെ പ്രകടമായ തെളിവുകളെ സൂചിപ്പിക്കുന്നതാണ് സുദര്‍ശന്‍ ടി.വിയുടെ ബിന്ദാസ് ബോല്‍ പരിപാടിക്കെതിരെ സുപ്രീംകോടതി ജഡ്ജി കെ.എം ജോസഫ് വിധി പുറപ്പെടുവിച്ചത്. വിമര്‍ശനങ്ങള്‍കൊണ്ടും വിദ്വേഷങ്ങള്‍കൊണ്ടും തകര്‍ന്നുപോകുന്നതല്ല വിശ്വാസിയുടെ ആദര്‍ശവും കേരള ജനതയുടെ ആത്മധൈര്യവും. വിദ്വേഷങ്ങളോടും വിമര്‍ശനങ്ങളോടും നിശേധാത്മക നിലപാട് സ്വീകരിക്കുകയും സ്വയം ആത്മ വിചിന്തനം നടത്താനുമായിരിക്കണം കേരള ജനതയും വിശിഷ്യാ വിശ്വാസികളും തയ്യാറാവേണ്ടത്. ഇന്ത്യയില്‍ സിവില്‍ സര്‍വീസ് മേഖല മാത്രമല്ല മറ്റു വൈജ്ഞാനിക സാമൂഹിക മേഖലകളിലെല്ലാം മറ്റു സമുദയങ്ങളെക്കാളേറെ പിന്നാക്കമാണ് മുസ്‌ലിംകള്‍ എന്നാണ് ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഐ.എ.എസില്‍ മൂന്നു ശതമാനവും ഐ. എഫ്.എസില്‍ 1.8 ശതമാനവും ഐ.പി.എസില്‍ നാലു ശതമാനവും മുസ്‌ലിംകള്‍ മാത്രമേയുള്ളൂ എന്നാണ് സച്ചാര്‍ കമ്മിറ്റി സൂചിപിച്ചത്.

കേരളത്തിലെ ഹിന്ദു മുസ്‌ലിം സാമൂഹിക സൗഹാര്‍ദം തകര്‍ത്ത് വോട്ട്ബാങ്ക് ലക്ഷ്യംവെക്കുന്നവര്‍ക്കെതിരെ ശക്തിയുക്തം പ്രതികരിച്ചതുകൊണ്ടാണ് കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമാകുന്നത്. സാമൂഹികമായി പുരോഗതി പ്രാപിച്ച കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഐക്യത്തോടെയും സഹവര്‍ത്തിത്തോടെയും ജീവിക്കുന്ന ഹിന്ദു മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കികൊണ്ടാണ്.

കേരളത്തില്‍നിന്നും പശ്ചിമ ബംഗാളില്‍ നിന്നും പിടികൂടിയ ഒന്‍പതുപേര്‍ ഡല്‍ഹിയടക്കം രാജ്യത്തെ നാലു നഗരങ്ങളില്‍ ഭീകര ആക്രമണത്തിന്പദ്ധതിയിട്ടിരുന്നുവത്രേ. കേരളത്തില്‍നിന്ന് പിടിക്കപ്പെട്ട പശ്ചിമ ബംഗാളില്‍നിന്നുള്ള തൊഴിലാളി പത്തു വര്‍ഷമായി മറ്റേതു അതിഥി തൊഴിലാളികളെയുംപോലെ കെട്ടിടനിര്‍മ്മാണത്തിലും ഹോട്ടല്‍ ജോലിയിലും തുണിക്കടയിലും ജോലി ചെയ്ത് കുടുംബമായി ജീവിക്കുന്നവരാണ്. ദുരൂഹ സാഹചര്യത്തില്‍ ലാപ്‌ടോപ്പും മൊബൈലും ഉപയോഗിക്കുന്നു എന്നാണ് അവരെ സംശയിക്കാനുള്ള കാരണമായി പറഞ്ഞത്. നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികളും തീവ്രവാദത്തെ പ്രോല്‍സാഹിപിക്കുന്ന ലഘുലേഖകളും തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ കവചങ്ങളും റെയ്ഡില്‍ കണ്ടെത്തിയതായി പറയുന്നു. കൊച്ചി കപ്പല്‍ നിര്‍മ്മാണശാല സംസ്ഥാനത്തെ സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കുന്നതിനു പദ്ധതിയിട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. വലിയ സൈനിക ശക്തിയും മികച്ച ഇന്റെലിജന്റ്‌സ് സംവിധാനവുമുള്ള രാജ്യത്ത് നാടന്‍ ബോംബും നാടന്‍ പ്രതിരോധ കവചങ്ങളുമായി ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് രാജ്യത്ത് വല്ല അസ്വസ്ഥതയും സൃഷ്ടിക്കാനാകുമോ? രാജ്യ താത്പര്യത്തിന് വിഘ്‌നം സൃഷടിക്കുകയും മതേതര ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ബി. ജെ.പി-ആര്‍.എസ്.എസ് ഭരണകൂടത്തിന്റെ കേരള ഇടപെടലുകളെ സംശയത്തിന്റെ നിഴലിലൂടെ മാത്രമേ നോക്കിക്കാണാനാവൂ.

ആസൂത്രിതമായി പടച്ചുവിടുന്ന മതവിദ്വേഷം നിറഞ്ഞ വാര്‍ത്തകളെ പുനര്‍വായനക്ക് വിധേയമാക്കേണ്ടത് കേരള ജനതയുടെ സാമൂഹികാരോഗ്യത്തിനും ഉന്നമനത്തിനും അനിവാര്യമാണ്. കേരളത്തെ ഭീകരവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി ചിത്രീകരിക്കാനുള്ള കേന്ദ്ര ഭരണകൂട ഭീകരതയുടെ ചെയ്തികള്‍ സമീപകാലത്തായി വര്‍ധിച്ചുവരികയാണ്. കേരള ജനതയുടെ നിലനില്‍പ്പ്തന്നെ ജനാധിപത്യത്തിലും മതേതര വിശ്വാസത്തിലും ഫെഡറല്‍ സിസ്റ്റത്തിലൂന്നിയ ദേശീയ ബോധത്തിലുമാണ്. എന്നാല്‍ ഇങ്ങനെയുള്ള ബോധങ്ങളെ ഇല്ലാതാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതിയില്‍നിന്ന് ജനാധിപത്യ മാനവിക സംജ്ഞകളെ താല്‍ക്കാലികമായി ഒഴിവാക്കിയതെല്ലാം അതിന്റെ പ്രാധാന്യം അപ്രസക്തമാണ് എന്ന ബോധം ജനിപ്പിക്കാനാണ്. ഓള്‍ ഇന്ത്യ ഫോറം ഫോര്‍ റൈറ്റ് ടു എജ്യൂക്കേഷന്‍ പറയുന്നത് പ്രാദേശിക ഭരണ സംവിധാനങ്ങളിലൂടെ രൂപംകൊള്ളുന്ന സ്റ്റേറ്റ് എന്ന സംവിധാനത്തെയും ഫെഡറല്‍ സമ്പ്രദായത്തെയും പാടെ നിരാകരിക്കുന്ന കാഴ്ചപ്പാടുകളാണ് ഭരണകൂടത്തിനുള്ളത് എന്നാണ്.

web desk 3: