X
    Categories: Newsworld

വൃദ്ധസദനങ്ങളില്‍ ഓരോ ആഴ്ചയും 50 പേരെങ്കിലും ലൈംഗികാതിക്രമത്തിന് ഇരയാവുന്നുവെന്ന് റിപ്പോര്‍ട്ട്

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വൃദ്ധസദനങ്ങളില്‍ ഓരോ ആഴ്ചയും അമ്പതോളം പേരെങ്കിലും ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. വൃദ്ധസദനങ്ങളുടെ നിലവാരത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 2018 -ല്‍ നിയമിച്ച റോയല്‍ കമ്മീഷനാണ് വിവരങ്ങള്‍ കൈമാറിയത്. വൃദ്ധസദനങ്ങളില്‍ വ്യാപകമായ പീഡനവും, മോശം പെരുമാറ്റവും നടക്കുന്നതായി റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-2019 -ല്‍ റെസിഡന്‍ഷ്യല്‍ നഴ്‌സിംഗ് ഹോമുകളില്‍ 2,520 ലൈംഗികാതിക്രമങ്ങള്‍ നടന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണ് എന്ന് റോയല്‍ കമ്മീഷനെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പീറ്റര്‍ റോസന്‍ പറഞ്ഞു.

”ഈ കണക്കുകള്‍ വളരെ അസ്വസ്ഥതയുളവാക്കുന്നു. റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികളുടെ അഭാവവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു’ അദ്ദേഹം പറഞ്ഞു. അത് മാത്രവുമല്ല, രാജ്യത്ത് നടന്ന 903 കൊറോണ വൈറസ് മരണങ്ങളില്‍ 75 ശതമാനത്തിലധികവും വൃദ്ധസദനത്തിലെ അന്തേവാസികളാണ് എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.

വൃദ്ധര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വളരെക്കാലമായി ഇവിടെ തുടര്‍ന്നു വന്നിരുന്ന ഒന്നാണെന്നും, ഇത് 13 മുതല്‍ 18 ശതമാനം വരെയുള്ള പ്രായമായവരെ ബാധിക്കുന്നുവെന്നും അനുമാനിക്കപ്പെടുന്നു. പലരും തങ്ങളുടെ മാതാപിതാക്കളെയും, ബന്ധുക്കളെയും ഇത്തരം വൃദ്ധസദനങ്ങളില്‍ കൊണ്ടാക്കുന്നത് അവര്‍ സുരക്ഷിതരാകുമെന്ന വിശ്വാസത്തിലാണ്. എന്നാല്‍, ഇവിടെയെത്തുന്നവര്‍ ആക്രമിക്കപ്പെടാന്‍ സാധ്യത വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ സബ്സിഡിയോടെ നടത്തുന്ന ആതുരാലയങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 -ലാണ് റോയല്‍ കമ്മീഷന്‍ സ്ഥാപിതമായത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: