X

സര്‍ക്കാറില്ലാത്ത ജമ്മു കശ്മീര്‍; മോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: നിലവില്‍ സര്‍ക്കാറില്ലാത്ത ജമ്മു കശ്മീരില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ കടുത്ത വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുള്ള. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള തുറന്നടിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന തീരുമാനം കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനും, ഭീകരവാദികള്‍ക്കും ഹുറിയത്തുകള്‍ക്കും മുന്നില്‍ കീഴടങ്ങുന്നത് പോലെ തന്നെയാണെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ഒമറിന്റെ വിമര്‍ശനം.

മോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം പാകിസ്ഥാനും, ഭീകരവാദികള്‍ക്കും ഹുറിയത്തുകള്‍ക്കും മുന്നില്‍ കീഴടങ്ങുന്നത് പോലെ തന്നെയാണെന്നും ഒമര്‍ അബ്ദുള്ള, ട്വീറ്റ് ചെയ്തു.

കൃത്യമായ സമയത്ത് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ഈ സാഹചര്യത്തില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. 1996 മുതല്‍ ജമ്മു കശ്മീരില്‍ കൃത്യമായ സമയത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. സര്‍വകക്ഷി യോഗത്തിലും പാര്‍ലമെന്റിലും രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയതാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനുള്ള സുരക്ഷ നല്‍കാമെന്ന്.

ആ ഉറപ്പിന് എന്ത് സംഭവിച്ചുവെന്ന് പറയണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. ഏഴ് ഘട്ടങ്ങളായാവും ഇത്തവണ പൊതുതെരഞ്ഞെടുപ്പ് നടക്കുക. അതിനൊപ്പം നാല് സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന് കോൺഗ്രസ് സംശയിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു. ജമ്മു കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉടൻ ഉണ്ടാകും എന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലോക്സഭയിൽ നൽകിയ ഉറപ്പാണ്. പക്ഷേ സുരക്ഷാ പ്രശ്നം പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നില്ല. ലോക്‍സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സുരക്ഷാ പ്രശ്നം ഇല്ലാതാകുന്നതും നിയമസഭാ തെരഞ്ഞെടുപ്പിന് സുരക്ഷാ പ്രശ്നം ഉണ്ടാകുന്നതും എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

chandrika: