X
    Categories: Newsworld

ഒമിക്രോണ്‍: ഫ്രാന്‍സ് കടുത്ത നിയന്ത്രണങ്ങളിലേക്ക്‌

പാരിസ്: ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഫ്രാന്‍സ്. രോഗവ്യാപനം തടയുന്നതിന് പുറത്തിറങ്ങുന്നതും കൂട്ടംചേരുന്നതും പരമാവധി കുറയ്ക്കണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഴോണ്‍ കാസ്റ്റിച്ച് നിര്‍ദ്ദേശിച്ചു. ജനുവരി മൂന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ആഴ്ചയില്‍ മൂന്ന് ദിവസം വര്‍ക്കിങ് ഫ്രം ഹോം നിര്‍ബന്ധമാക്കും.

ഇന്‍ഡോര്‍ പരിപാടികളില്‍ രണ്ടായിരത്തിലേറെ പേര്‍ പങ്കെടുക്കാന്‍ പാടില്ല. ഔട്‌ഡോര്‍ പരിപാടികളില്‍ ആളുകളുടെ എണ്ണം അയ്യായിരമാക്കി ചുരുക്കി. ദീര്‍ഘദൂര പൊതുവാഹനങ്ങളിലും ആളുകള്‍ ഒത്തുചേരുന്ന പൊതുസ്ഥലങ്ങളിലും ഭക്ഷണം കഴിക്കുന്നത് നിരോധിക്കും. ബാറുകളിലും റെസ്‌റ്റോറന്റുകളിലും തിരക്കൊഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. പുതുവത്സരത്തലേന്ന് കര്‍ഫ്യൂ ഉണ്ടാവില്ല. സ്‌കൂളുകള്‍ ജനുവരി ആദ്യത്തില്‍ വീണ്ടും തുറക്കും.

ഫ്രാന്‍സില്‍ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം രാജ്യത്ത് ഇത്രയേറെ പേര്‍ക്ക് രോഗം ബാധിക്കുന്നത് ആദ്യമാണ്. പാരിസില്‍ നൂറിലൊരാള്‍ കോവിഡ് പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വ്യാപനമാണ് രോഗികള്‍ വര്‍ദ്ധിക്കാന്‍ കാരണം. ഫ്രാന്‍സില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവരാണ്. കരുതല്‍ ഡോസ് നല്‍കാന്‍ ഊര്‍ജിത ശ്രമം തുടരുന്നുണ്ടെന്ന് കാസ്റ്റിച്ച് അറിയിച്ചു.

യൂറോപ്പില്‍ നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ഗ്രീസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്്. തിങ്കളാഴ്ച ഗ്രീസില്‍ പതിനാരത്തോളം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പോളണ്ടില്‍ പ്രതിദിന മരണം അഞ്ഞൂറ് കടന്നു. അടുത്തിടെ അടച്ചിട്ട നൈറ്റ്ക്ലബ്ബുകള്‍ പുതുവത്സരത്തലേന്ന് തുറക്കും. ബ്രിട്ടനില്‍ പ്രതിദിന രോഗികള്‍ ഒരു ലക്ഷം കവിഞ്ഞിട്ടുണ്ടെങ്കിലും പുതിയ നിയന്ത്രങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാനുള്ള സാധ്യത ഭരണകൂടം തള്ളി.

 

web desk 3: