X

സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുമ്പോള്‍- എഡിറ്റോറിയല്‍

പിണറായി സര്‍ക്കാര്‍ പിടിവാശിയോടെ നടപ്പാക്കാന്‍ പുറപ്പെട്ട കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്ന് റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതോടെ വ്യക്തമായിരിക്കുകയാണ്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നതിന്റെ ആദ്യ നടപടിയെന്ന നിലയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി സര്‍ക്കാര്‍ തിരിച്ചുവിളിച്ചിരിക്കുകയാണ്. ഇനി റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും തുടര്‍ നടപടിയെന്നും സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനമെന്നും വ്യക്തമാക്കി റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങിയത് കഴിഞ്ഞദിവസമാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും മന്ത്രിമാരും ഇടത് നേതാക്കളും ഇത് തള്ളുകയും സില്‍വര്‍ലൈനില്‍ പിന്നോട്ടില്ലെന്ന നിലയില്‍ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് ഇടത്‌സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ അവതരിപ്പിച്ചത്. ഭൂമിയേറ്റെടുക്കല്‍ സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതോടെ എതിര്‍പ്പുയര്‍ന്നു. സ്ത്രീകളും കുട്ടികളും പദ്ധതിക്കെതിരെ തെരുവിലിറങ്ങിയെങ്കിലും പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും. നിരവധി പേര്‍ക്കാണ് പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റത്. സ്ത്രീകളോടും കുട്ടികളോടുപോലും പൊലീസ് മനുഷ്യത്വം കാണിച്ചിരുന്നില്ല. പലരേയും വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. പൊലീസുകാര്‍ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ കരളലിയിക്കുന്നതായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് ഭയന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സില്‍വര്‍ലൈന്‍ പ്രവൃത്തികള്‍ നിര്‍ത്തിെവച്ചത്. പിന്നീട് കാര്യമായ പ്രവൃത്തികളൊന്നും നടന്നില്ല.

എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിച്ചെങ്കിലും പദ്ധതി ഉപേക്ഷിച്ചെന്ന് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍വേ നടത്താനായി കല്ലിടാന്‍ തിരഞ്ഞെടുത്ത 955.13 ഹെക്ടര്‍ സ്വകാര്യ ഭൂമിയുടെ കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്ക അവസാനിക്കുന്നില്ല. 197 കിലോമീറ്ററില്‍ ഏഴായിരത്തോളം മഞ്ഞക്കുറ്റികളാണ് സ്ഥാപിച്ചത്. 9000 പേരുടെ വീടുകളും കടകളും പൊളിക്കണമെന്നായിരുന്നു കണക്കുകൂട്ടല്‍. പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുംവരെ ഭൂമിയില്‍ നിര്‍മാണങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല. ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് 11(1) വിജ്ഞാപനം പുറപ്പെടുവിച്ചാലേ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിക്കാനാവു എങ്കിലും അതുണ്ടായിട്ടില്ല. ഭൂമി വില്‍ക്കുകയോ ഈടുവെച്ച് വായ്പ എടുക്കുകയോ അനന്തരാവകാശികള്‍ക്ക് കൈമാറുകയോ ചെയ്യുന്നതിന് തടസ്സമില്ലെന്ന് കെ റെയില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കല്ലിട്ട ഭൂമി ആര് വാങ്ങാനാണ് എന്ന ചോദ്യം പ്രസക്തമാണ്. ബാങ്ക് വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും സഹകരണ രജിസ്റ്റാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പറയുമ്പോഴും ദേശസാത്കൃത ബാങ്കുകള്‍ക്ക് ഇത്തരമൊരു നിര്‍ദേശം സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയില്‍നിന്ന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഫലത്തില്‍ സ്ഥലം ഈടുവെക്കാനും കഴിയാത്ത അവസ്ഥയാണ്.

11 ജില്ലകളിലായി 250 ലേറെ കേസുകളാണ് കെ റെയിലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 200 പേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 5000 മുതല്‍ 10,000 രൂപ വരെ പിഴയടയ്ക്കാന്‍ നിരവധി പേര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലാവുന്നവര്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക ജാമ്യത്തിനായി കെട്ടിവെക്കേണ്ട അവസ്ഥയുമുണ്ട്. കല്ലൊന്നിന് 5000 രൂപ വരെയാണ് ഈടാക്കുക. പൊതുമുതല്‍ നശിപ്പിച്ച കേസുകളില്‍ കുറ്റപത്രം നല്‍കുമെങ്കിലും അറസ്റ്റും റിമാന്‍ഡും ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിന്നീട് കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും പൊതുമുതല്‍ നശിപ്പിച്ചതിനെടുത്ത കേസുകള്‍ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.

സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകി ഉദിച്ച വിവേകമാണ്. പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത പൊലീസ് കേസുകള്‍ പിന്‍വലിക്കുകയും പൊലീസിന്റെയും പാര്‍ട്ടി ഗുണ്ടകളുടെയും ക്രൂരമര്‍ദ്ദനത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. മര്‍ദനത്തിനിരയായവരോട് സര്‍ക്കാര്‍ മാപ്പു ചോദിക്കുകയും വേണം. അനുമതി ലഭിക്കാത്ത പദ്ധതിക്കായി മൂന്നു വര്‍ഷം കൊണ്ട് 31 കോടി രൂപയാണ് സര്‍ക്കാര്‍ പൊടിച്ചത്. ഇതിന് കണക്കുപറയാതെ സര്‍ക്കാറിന് മുന്നോട്ടുപോകാനാവില്ല.

web desk 3: