X

പദവി പാര്‍ട്ടിയിലെത്തി പന്ത്രണ്ടാം ദിവസം; വൈഎസ് ശര്‍മിള ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ

ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി വൈ.എസ്.ശര്‍മിള റെഡ്ഡിയെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശര്‍മിളയെ പിസിസി അധ്യക്ഷയായി നിയമിച്ചത്.

ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് ഗിഡുഗു രുദ്രരാജു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഗിഡുഗു രുദ്രരാജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തിട്ടുണ്ട്.

ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും മുന്‍ മുഖ്യമന്ത്രി വൈസ്.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ ശര്‍മിളയുടെ വൈ.എസ്.ആര്‍. തെലങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി ഈ മാസം ആദ്യമാണ് കോണ്‍ഗ്രസില്‍ ലയിപ്പിച്ചത്.

ആന്ധ്രയില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ശര്‍മിളയെ കൊണ്ടുവന്നത്. ഒരു എം.എല്‍.എ.പോലുമില്ലാത്ത ആന്ധ്രയില്‍ പാര്‍ട്ടിയുടെ പുനരുജ്ജീവനം ശര്‍മിളയിലൂടെ നടപ്പാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്രാ വിഭജനവുമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാക്കിയത്.

webdesk13: