X

ഓണ വിപണി: ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 66 നിയമലംഘനങ്ങള്‍ കണ്ടെത്തി

ഓണവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 66 നിയമലംഘനങ്ങള്‍ കണ്ടെത്തി. 2.87 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതലാണ് ലീഗല്‍ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചത്. പാക്കുകളില്‍ എം.ആര്‍.പി, പാക്കിങ് തിയ്യതി, നിര്‍മാതാവിന്റെ മേല്‍വിലാസം, കണ്‍സ്യൂമര്‍ കെയര്‍ ടെലിഫോണ്‍ നമ്പര്‍ മുതലായവ രേഖപ്പെടുത്താത്തവ വില്‍പ്പന നടത്തിയതിനും, അധിക വില ഈടാക്കിയതിനും, അളവില്‍ കുറവായി ഉല്‍പ്പന്നം വില്‍പ്പന നടത്തിയതിനും, അളവു തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിച്ചതിനുമാണ് നടപടിയെടുത്തത്.

1207 വ്യാപാര സ്ഥാപനങ്ങളിലാണ് നിലവില്‍ പരിശോധന നടത്തിയത്. പിഴയൊടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. 17 പെട്രോള്‍ പമ്പുകള്‍ പരിശോധിക്കുകയും 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ വ്യാപാരസ്ഥാപനത്തില്‍ നടത്തിയ പരിശോധന തടസ്സപ്പെടുത്തുകയും പരിശോധന സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അളവു തൂക്ക സംബന്ധമായ ക്രമക്കേടുകള്‍ മഞ്ചേരി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ ഓഗസ്റ്റ് 28വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍ : 04832766157. താലൂക്ക്തല ഓഫീസുകളിലും പരാതികള്‍ അറിയിക്കാവുന്നതാണ്.

webdesk13: