X

ഓണത്തിന്റെ വേരുകള്‍

മുജീബ് തങ്ങള്‍ കൊന്നാര്

കേരളീയരുടെ പ്രധാന ആഘോഷമാണ് ഓണം. ഓണാഘോഷത്തിന്റെ വേരുകള്‍ തേടുമ്പോള്‍ ഹൈന്ദവ ബൗദ്ധ ഇസ്‌ലാം ബന്ധമുള്ളതായി കാണാം. ഗൗതമ ബുദ്ധന്‍ സ്ഥാപിച്ച ബുദ്ധമതം സംഘകാലത്ത് കേരളത്തില്‍ സജീവമായിരുന്നു. ഈ കാലഘട്ടങ്ങളില്‍ മഴക്കാലമായാല്‍ ജനങ്ങള്‍ പഠനത്തിലും ഭജനത്തിലുമെല്ലാം കഴിഞ്ഞുകൂടുക പതിവായിരുന്നു. ഈ കാലം തീര്‍ന്ന് മഴയെല്ലാം അവസാനിച്ചാല്‍ വാണിജ്യം പുനരാരംഭിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നു. ‘ശ്രാവണ’ത്തിന്റെ പഴയ പാലി (മധ്യ കാല ഇന്തോ ആര്യന്‍ ഭാഷയില്‍നിന്ന് ഉല്‍ഭവിച്ച പഴയ ഭാരതീയ ഭാഷ)ക്ക് സമാന്തരമാണ് ‘സാവണം’. പിന്നീട് ‘സാവണം’ ലോപിച്ച് ‘ആവണം’ എന്നായി. കാലാന്തരത്തില്‍ ആവണം ലോപിച്ച് ‘ഓണം’ എന്ന സംജ്ഞ രൂപം കൊണ്ടു. ഓണം ‘പൊന്നോണം’ എന്ന പേരിലും അറിയപ്പെടുന്നു. മഴക്കെടുതിമൂലം വാണിജ്യത്തിന്റെ ആദ്യദിനം മുതല്‍ അന്നുവരെ ദൂരെ നങ്കൂരമിട്ടിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുകയായി. അതാണ്. ‘പൊന്നോണം’ എന്ന സംജ്ഞക്ക് പിന്നിലെ കഥ.
ഓണാഘോഷവുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തി കാണുന്നുണ്ട്. ഒന്നാമത്തെ ഐതിഹ്യം മഹാബലിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. സത്യസന്ധനും നീതിമാനുമായ ചക്രവര്‍ത്തിയായിരുന്നു മഹാബലി. ഹൈന്ദവ വിശ്വാസ പ്രകാരം മൂന്നു ലോകവും അടക്കിവാണ മഹാബലിയുടെ ഭരണകാലം ജനങ്ങള്‍ക്ക് ഐശ്വര്യ സമ്പല്‍ സമൃദ്ധിയുടെ ദിനങ്ങളായിരുന്നു. നീതിമാനായ മഹാബലിയുടെ സമ്പല്‍ സമൃദ്ധിയിലും ഐശ്വര്യത്തിലും ഉയര്‍ച്ചയിലും അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിനോട് അപേക്ഷിച്ചതിന്‍ പ്രകാരം അദ്ദേഹം വാമനന്‍ എന്ന ബ്രഹ്മണ ബാലനായി അവതരിച്ചു. അതിഥി പൂജകര്‍മ്മങ്ങളില്‍ വളരെയധികം തല്‍പ്പരനായ മഹാബലിയോട് വാമനന്‍ തപസ്സിനായി മൂന്നടി മണ്ണിനിരന്നു. അതു കൊടുക്കാമെന്ന് സത്യം ചെയ്ത നിമിഷത്തില്‍ വാമനന്‍ ഭീമാകൃതി പ്രാപിച്ച് മഹാബലിയുടെ സാമ്രാജ്യം രണ്ടടിയായിട്ടളന്നു. മൂന്നാമത്തെ ചുവടിന് സ്ഥലമില്ലാതെ വന്നപ്പോള്‍ സ്വന്തം ശിരസ്സ് കുനിച്ചു കൊടുത്ത മഹാബലിയെ പാതളത്തിലേക്ക് ചവിട്ടി താഴ്ത്തി. കൊല്ലത്തില്‍ ഒരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ ഭൂമി ലോകത്ത് വരാന്‍ അനുവാദവും നല്‍കി. അത് പ്രകാരം മഹാബലി ആണ്ടിലൊരിക്കല്‍ കേരഭൂമി സന്ദര്‍ശിക്കുന്ന വേളയാണത്രെ കേരളീയര്‍ തിരുവോണമായി ആഘോഷിക്കുന്നത്.
രണ്ടാമത്തെ ഐതിഹ്യം പരശുരാമനുമായി ബന്ധപ്പെട്ടതാണ്. ഹൈന്ദവ വിശ്വാസ പ്രകാരം കേരളത്തിന്റെ സ്രഷ്ടാവാണ് പരശുരാമന്‍. പരശുവെറിഞ്ഞ് കടല്‍ മാറ്റി വീണ്ടെടുത്ത പ്രദേശമാണ് കേരളം. കേരളം സൃഷ്ടിച്ച് പരശുരാമന്‍ ബ്രഹ്മണര്‍ക്ക് നല്‍കി. തുടര്‍ന്ന് ആപല്‍ ഘട്ടങ്ങളില്‍ ബ്രഹ്മണന്‍മാരെല്ലാരും സ്മരിച്ചാല്‍ താന്‍ പ്രത്യക്ഷനാകുമെന്ന് പരശുരാമന്‍ വാക്കു കൊടുത്തു. എന്നാല്‍ ചില ബ്രഹ്മണര്‍ പരശുരാമന്റെ വാക്കുകള്‍ ദുരുപയോഗപ്പെടുത്തി. ഇതില്‍ ക്ഷുഭിതനായ പരശു രാമന്‍ ബ്രഹ്മണര്‍ക്ക്മുമ്പില്‍ ഇനി പ്രത്യക്ഷനാവില്ലെന്ന് തീരുമാനിച്ചു. ഒടുവില്‍ ബ്രാഹ്മണ പ്രമുഖര്‍ പരശുരാമന്മുമ്പില്‍ മാപേക്ഷിച്ചത് പ്രകാരം ചിങ്ങമാസത്തിലെ തിരുവോണനാള്‍ കേരളത്തില്‍ വരാമെന്ന് പരശുരാമന്‍ ഉറപ്പ്‌കൊടുത്തു. പരശുരാമന്‍ ആണ്ടിലൊരിക്കല്‍ കേര നാട്ടിലേക്കുള്ള ആഗമനത്തെ കുറിക്കുന്ന ആഘോഷമാണത്രെ ഓണം.
മൂന്നാമത്തെ ഐതിഹ്യം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ശ്രമണ പദ പ്രാപ്ത്തരായവര്‍ക്ക് ഗൗതമ ബുദ്ധന്‍ പീതാംബരം നല്‍കിയതിന്റെ ഓര്‍മ്മയാണത്രെ ഓണക്കോടി. നാലാമത്തെ ഐതിഹ്യ പ്രകാരം ശൈവ മതത്തെ പുറംതള്ളി വൈഷ്ണവര്‍ ആധിപത്യം സ്ഥാപിച്ചതിന്റെ ആഘോഷമാണത്രെ ഓണം.
അഞ്ചാമത്തെ ഐതിഹ്യം അസീറിയയിലെ രാജാവുമായി ബന്ധപ്പെട്ടതാണ്. അസീറിയന്‍ രാജാവായിരുന്ന ‘ബലെ’ ആണ് സംസ്‌കൃത രൂപം പ്രാപിച്ച് ‘ബലി’ യായതെന്നും അസീറിയായിലെ ഒരുത്സവം മധ്യധരണ്യാഴി വംശജരായ ദ്രാവിഡര്‍ ഇവിടെ കൊണ്ടുവന്ന് ഓണാമായി ആഘോഷിക്കുന്നതെന്നും ചില ചരിത്രകാരന്‍മാര്‍ അഭിപ്രായപെട്ടിട്ടുണ്ട്. എ.ഡി 825ലാണ് ഓണാഘോഷം ആരംഭിച്ചതെന്ന് വില്യം ലോഗന്‍ അഭിപ്രായപ്പെടുന്നു. എ.ഡി 625-685 കാലത്ത് ഭാസ്‌കര രവിവര്‍മ്മ പെരുമാള്‍ ആരംഭിച്ചതാണ് ഓണം എന്നാണ് ആറ്റുരിന്റെ അഭിപ്രായം.

web desk 3: