X
    Categories: indiaNews

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സമിതിയുടെ ആദ്യ യോഗം 23ന്

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം പരിശോധിക്കാനായി രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം 23ന് ചേരും. സമിതിയുടെ അധ്യക്ഷനായ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നിയമവിദഗ്ധന്‍ ഹരീഷ് സാല്‍വേ, സെന്‍ട്രല്‍ വിജിലന്‍സ് മുന്‍ കമ്മീഷന്‍ സഞ്ജയ് കോതാരി, ഫിനാന്‍സ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍കെ സിങ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

നിയമകാര്യ സെക്രട്ടറി നിതന്‍ ചന്ദ്രയായിരിക്കും സമിതിയുടെ സെക്രട്ടറി. യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളുമുണ്ടാകും. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജനപ്രാതിനിത്യ നിയമത്തിലും മറ്റ് നിയമത്തിലും എന്തെങ്കിലും ഭേദഗതികള്‍ വരുത്തണോയെന്ന് സമിതി പരിശോധിക്കും. രാജസ്ഥാന്‍ മധ്യപ്രദേശ്, ചത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. 2024 മെയ് മാസത്തില്‍ പൊതുതിരഞ്ഞെടുപ്പും നടക്കും. ഈ സാഹചര്യത്തിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തിരക്കിട്ട നീക്കം.

2014ല്‍ അധികാരത്തില്‍ എത്തിയശേഷം ബിജെപി മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശമായിരുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. അതേ സമയം രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സമിതിയില്‍ പങ്കെടുക്കില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചിട്ടുണ്ട്.

 

webdesk11: