X
    Categories: indiaNews

കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് ഒരു വര്‍ഷം

ന്യൂഡല്‍ഹി: രാജ്യവ്യാപക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ഒരു വര്‍ഷം പിന്നിട്ടു. ഇതുവരെ 156.76 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായവരില്‍ 92 ശതമാനത്തിലധികം പേര്‍ ഒരു ഡോസ് വാക്‌സിനും 68 ശതമാനത്തിലധികം പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തു.

കഴിഞ്ഞ ജനുവരി 16 മുതല്‍ ആരംഭിച്ച വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. തുടര്‍ന്ന് ഫെബ്രുവരി 2 മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കി. മാര്‍ച്ച് 1 മുതലാണ് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടത്തില്‍ അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും നാല്‍പത്തഞ്ച് വയസ്സിനു മുകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കുമാണ് കുത്തിവെപ്പ് നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങി.തുടര്‍ന്ന് മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കി കൊണ്ട് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ വ്യാപ്തി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം ജനുവരി 3 മുതലാണ് 15 വയസ് മുതല്‍ 18 വരെയുള്ള വര്‍ക്ക് കുത്തിവെപ്പ് നല്‍കി വാക്‌സിനേഷന്റെ അടുത്തഘട്ടം ആരംഭിച്ചത്.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ജനുവരി 10 മുതല്‍ മുന്‍കരുതല്‍ ഡോസ് നല്‍കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 21ന് രാജ്യത്ത് 100 കോടി ഡോസുകള്‍ നല്‍കി.

web desk 3: