X
    Categories: MoreViews

ഓണ്‍ലൈന്‍ പണമിടപാടുകളില്‍ 1000 ശതമാനം വരെ വര്‍ധന: കേന്ദ്രം

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കികൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിനുശേഷം രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ 400 മുതല്‍ 1000 ശതമാനം വരെ വര്‍ധനവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ടെലിവിഷന്‍ ചാനലും വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ പ്രഖ്യാപനം വന്ന നവംബര്‍ എട്ടു മുതലുള്ള കണക്കുകള്‍പ്രകാരമാണിത്. എന്നാല്‍ മാസ്റ്റര്‍, വിസാ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇ-വാലറ്റ് വഴിയുള്ള പണമിടപാട് ദിനംപ്രതി 63 ലക്ഷം രൂപയായി വര്‍ധിച്ചു. നേരത്തെ ഇത് 17 ലക്ഷം രൂപയായിരുന്നു. സമാനമായി റുപേ കാര്‍ഡ് വഴിയുള്ള ഇടപാടുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. ദിവസന്തോറും 3.85 ലക്ഷം എന്നത് 16 ലക്ഷമായി ഉയര്‍ന്നതായാണ് വിവരം.
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് ടെലിവിഷന്‍ ചാനലായ ഡിജിശാല ദൂരദര്‍ശന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാവും. കാഷ്‌ലെസ് ഇന്ത്യ എന്ന പേരിലാണ് വെബ്‌സൈറ്റ് ഒരുക്കിയിരിക്കുന്നത്.

chandrika: