X

മരിച്ചിട്ടും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ്; കടമക്കുടിയിലെ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി

പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തുങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍. മരണം കഴിഞ്ഞ് 2 ദിവസമാകുമ്പോളും ഓണ്‍ലൈന്‍ വായ്പ സംഘത്തിന്റെ ഭീഷണിയും ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കൂടുതല്‍ ആളുകളുടെ വാട്‌സാപ്പിലേക്ക് അയയ്ക്കുകയാണ്.

വ്യത്യസ്ത നമ്പറുകളില്‍നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും ആശാപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്‍ എത്തുന്നതായാണു വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ആപ്പില്‍നിന്ന് ലോണെടുത്ത വിവരം അറിയില്ലായിരുന്നു എന്ന് നിജോയുടെ സഹോദരന്‍ അറിയിച്ചു. മരണശേഷം ബന്ധുക്കള്‍ക്കു സന്ദേശങ്ങള്‍ ലഭിച്ചതിനുശേഷമാണ് ലോണ്‍ ആപ്പിന്റെ കാര്യം മനസ്സിലായതെന്നും സഹോദരന്‍ പറയുന്നു. ”ആദ്യം സന്ദേശം മാത്രമാണ് വന്നത്. പിന്നീട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നു. ഇതോടെയാണ് കൂടുതല്‍ ഭീകരത മനസ്സിലായത്.

ഇന്നു രാവിലെയും കൂടി ബന്ധുക്കളുടെ ഫോണിലേക്കു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നിട്ടുണ്ട്” സഹോദരന്‍ പറഞ്ഞു. ജനകീയ കൂട്ടായ്മയില്‍ രൂപീകരിച്ച ജാഗ്രത സമിതിയും പരാതിയുമായി മുന്നോട്ടു പോകുകയാണ്. മരണങ്ങളെ സംബന്ധിച്ചു സമഗ്ര അന്വേഷണം ആരംഭിച്ചതായി മുനമ്പം ഡി.വൈ.എസ.്പി കെ.എ.അനീഷ് അറിയിച്ചു.

ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. എന്നാല്‍ ചെറിയ തുക മാത്രമാണു ഇവര്‍ വായ്പയായി എടുത്തിട്ടുള്ളതെന്നാണു വിവരം. കൂട്ടമരണത്തിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിജോയുടെയും ശില്‍പയുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓണ്‍ലൈന്‍ വായ്പ ഇടപാടുകാര്‍ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മരണ ദിവസം ഇവര്‍ എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലും വായ്പത്തട്ടിപ്പിനെ കുറിച്ചു പരാമര്‍ശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ശില്‍പയുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇന്നലെ ബന്ധുക്കള്‍ക്കും ചില സുഹൃത്തുക്കള്‍ക്കും ലഭിച്ച വാട്‌സാപ് സന്ദേശമാണു ഓണ്‍ലൈന്‍ വഴിയുള്ള വായ്പത്തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെട്ടതിന്റെ സൂചനയായത്.

ശില്‍പയുടെ അക്കൗണ്ടില്‍നിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നല്‍കിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് ഓണ്‍ലൈന്‍ വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നല്‍കിയ ഓണ്‍ലൈന്‍ സംഘം ശില്‍പയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയത്.

മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോ ഉള്‍പ്പെടെ സന്ദേശങ്ങള്‍ ശില്‍പയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈല്‍ ഫോണില്‍ വാട്‌സാപ് ആയും അയച്ചുകൊടുത്തു. ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങളടക്കം എല്ലാ കോണ്‍ടാക്ടുകളിലേക്കും അയച്ചു നല്‍കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

webdesk13: