X

പുതിയ ദൗത്യം ഉമ്മന്‍ചാണ്ടിക്കു വെല്ലുവിളി; പൂജ്യത്തില്‍ നിന്ന് തുടങ്ങണം

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുക വഴി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അര്‍പ്പിക്കുന്നത് വലിയ പ്രതീക്ഷയാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന സംസ്ഥാനത്ത് ഇന്ന് സ്ഥിതിഗതികള്‍ തീര്‍ത്തും നിരാശാ ജനകമാണ്. അതുകൊണ്ടുതന്നെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. അതു തന്നെയായിരിക്കും ഉമ്മന്‍ചാണ്ടിക്കു മുന്നിലെ പ്രധാന വെല്ലുവിളിയും.
കെ. കരുണാകരന്റെ രാഷ്ട്രീയ കൂര്‍മ്മതയോടാണ് ഉമ്മന്‍ചാണ്ടിയിലെ രാഷ്ട്രതന്ത്രജ്ഞനെ പലപ്പോഴും വിശേഷിപ്പിക്കാറ്. ഏത് പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യാന്‍ കഴിവുള്ള നേതാവ്. ആന്ധ്രയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ ഒരാള്‍ അനിവാര്യമാണെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവിനു പിന്നിലും അദ്ദേഹത്തിലെ ഈ രാഷ്ട്രീയ വൈഭവം പ്രധാന ഘടകമാണ്.

മറ്റു പല സംസ്ഥാനങ്ങളേയും പോലെ കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണം നിലനിന്നിരുന്ന സംസ്ഥാനമായിരുന്നു നേരത്തെ ആന്ധ്രാപ്രദേശും. എന്നാല്‍ സമീപ കാലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളൊന്നും കോണ്‍ഗ്രസിന്റെ ഈ സ്വപ്‌നങ്ങളുടെ ഏഴയലത്തു പോലും വരുന്നതായിരുന്നില്ല. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അംഗത്തെപ്പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല എന്നതില്‍ നിന്നു തന്നെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ വ്യക്തമാവും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രകടനം വ്യത്യസ്തമായിരുന്നില്ല.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വൈ.എസ് രാജശേഖര റെഡ്ഡിയാണ് ആന്ധ്ര ഭരിച്ച അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി. റെഡ്ഡിയുടെ ജനകീയ ഭരണമോ അപകട മരണത്തെതുടര്‍ന്നുള്ള സഹതാപ തരംഗമോ പക്ഷേ കോണ്‍ഗ്രസിന് പിന്നീട് ഗുണം ചെയ്തില്ല. പാര്‍ട്ടിയിലുണ്ടായ പടലപ്പിണക്കങ്ങളായിരുന്നു ഇതിനു കാരണം. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ട ബദല്‍ ചേരി പിന്നീട് കോണ്‍ഗ്രസിന്റെ പിളര്‍പ്പിലേക്കും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പിറവിയിലേക്കുമാണ് കാര്യങ്ങള്‍ നയിച്ചത്.

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്ത് കൈക്കൊണ്ട നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ആന്ധ്രാപ്രദേശിന്റെ വിഭജനം. ആന്ധ്രയില്‍ തിരിച്ചടിക്കുമെങ്കിലും തെലുങ്കാനയില്‍ ഇത് രാഷ്ട്രീയ നേട്ടം സമ്മാനിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലും മുതലെടുപ്പ് നടത്തിയത് പ്രാദേശിക കക്ഷികളാണ്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും തെലുങ്കാനയില്‍ ചന്ദ്ര ശേഖര റാവുവിന്റെ ടി.ആര്‍.എസും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിതര മതേതര കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്ന വേളയില്‍ കൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവിയിലേക്കുള്ള നിയോഗം. ബി.ജെ.പിയിതര കോണ്‍ഗ്രസിതര ബദലിന് ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷ ആന്ധ്രാ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിലാണ്.

കര്‍ണാടകയിലെ ജെ.ഡി.എസ് -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുത്ത് ചന്ദ്രബാബു നായിഡു തന്നെ ഇതിനുള്ള വാതിലുകള്‍ തുറന്നിട്ട പശ്ചാത്തലത്തില്‍ പതിവില്‍ കവിഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞതയോടെ വേണ്ടിവരും ഉമ്മന്‍ചാണ്ടിക്ക് കരുക്കള്‍ നീക്കാന്‍.

chandrika: