X

മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്


സര്‍, പീരുമേട് സബ് ജയിലില്‍ വായ്പാ തട്ടിപ്പു കേസിലെ പ്രതി രാജ് കുമാര്‍ (49) റിമാന്‍ഡില്‍ ഇരിക്കെ കഴിഞ്ഞ 21 നു മരണത്തിനു കീഴടങ്ങി എന്ന മനുഷ്യ മനസിനെ ഞെട്ടിച്ച വാര്‍ത്ത താങ്കള്‍ക്ക് അറിയാമല്ലോ.
പീരുമേട്ടിലെ കോലാഹലമേട് സ്വദേശി ആയ രാജ്കുമാര്‍ നെടുംകണ്ടം എന്ന സ്ഥലത്തു ഹരിത ഫിനാന്‍സ് എന്ന സ്ഥാപനം നടത്തി വരവേ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ തരപ്പെടുത്തി നല്‍കാം എന്നു പറഞ്ഞു കോടികള്‍ തട്ടിയെടുത്തു എന്ന പരാതിയിനെ തുടര്‍ന്നു കഴിഞ്ഞ 12 നു ഇദ്ദേഹത്തെ നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ജൂണ്‍ 15 രാത്രിയില്‍ ആണ് കോടതിയില്‍ ഹാജരാക്കിയത് എന്നും 16 നു രാത്രി 9. 30 നു റിമാന്‍ഡ് ചെയ്തു എന്നും പറയപ്പെടുന്നു. ജൂണ്‍ 21 നു ആരോഗ്യ നില മോശമായതിനെ തുടര്‍ന്നു പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചവെങ്കിലും പ്രതി മരിച്ച സംഭവം കേരളമാകെ പ്രതിഷേധത്തിന് ഇടയാക്കിയതും ഇവിടെ എടുത്തു പറയേണ്ടത് അല്ലല്ലോ സര്‍.
പ്രതിയുടെ കസ്റ്റഡി മുതല്‍ കോടതിയില്‍ എത്തിക്കുന്നത് വരെ 4 ദിവസത്തില്‍ ഏറെ രാജ് കുമാറിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപണം ഉണ്ടായതിനെ തുടര്‍ന്നു ക്രൈം ബ്രാഞ്ച് കേസ് എടുക്കുകയും കുറെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. രാജ്കുമാറിന്റെ മൃത ദേഹത്തില്‍ 32 മുറിവുകള്‍ ഉണ്ടെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിട്ടുണ്ട്. തുടകളിലെ പേശികള്‍ ചതഞ്ഞതായും കണങ്കാലില്‍ ഉരുളന്‍ തടി കൊണ്ടു ക്ഷതം ഉണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ സര്‍.
പൊലീസില്‍ നിന്നും ഉരുട്ടല്‍ ശിക്ഷ നല്‍കിയതായി ആരോപണം ഉണ്ട്. പ്രതിയെ യഥാസമയത്തു കോടതിയില്‍ ഹാജരാക്കാതെ 105 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചതു സംശയത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും ഡിജിപിയില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് കമ്മീഷന്‍ തേടിയിട്ടുമുണ്ട്.
സംശയ പരമായി ചില കാര്യങ്ങള്‍ വിഷയത്തില്‍ നടന്നു എന്നു താങ്കള്‍ തന്നെ നിയമ സഭയില്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടന്നത് കൊണ്ടു മാത്രം പരിഹാരം ഉണ്ടാവുമോ സര്‍?. ക്രൂര മര്‍ദ്ദനത്തിലൂടെ മരണപ്പെട്ട വ്യക്തിയുടെ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ പങ്കു കണ്ടുപിടിക്കാന്‍ പൊലീസ് വകുപ്പില്‍ തന്നെ മറ്റൊരു വകുപ്പായ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ കുറ്റക്കാരുടെ മുഖങ്ങള്‍ പുറത്തേക്കു വരുമോ സര്‍?.
മലയാളം എഴുതാനും വായിക്കാനും അറിയാത്ത പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാത്ത ഒരു തമിഴ് വംശജനായ ഒരു വ്യക്തി നെടുംകണ്ടം പോലെ വിദ്യാ സമ്പന്നര്‍ അടങ്ങുന്ന ഒരു പ്രദേശത്തു പോയി വായ്പാ തട്ടിപ്പു നടത്തി എന്നും കോടികള്‍ സമ്പാദിച്ചു എന്നും പറയപ്പെടുന്നു.
എവിടെയോ എന്തൊക്കെയോ വിഷയങ്ങളും രഹസ്യങ്ങളും ഒളിഞ്ഞു ഇരിക്കുന്നു സര്‍. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആണ് രാജകുമാറിന് ഉണ്ടായത്.
ഒരു കേസില്‍ അറസ്റ്റില്‍ ആയ വ്യക്തിക്ക് കുടിക്കാന്‍ വെള്ളം പോലും കൊടുത്തില്ല എന്നു കേള്‍ക്കുമ്പോള്‍ ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗമായ നമ്മുടെ രാജ്യത്തു നിലകൊള്ളുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു എന്തു പറ്റി സര്‍?. ക്രൂരമായി പീഡിപ്പിച്ചു സ്ത്രീകളെ കൊല്ലാകൊല ചെയ്തു കുറ്റം തെളിയിക്കപ്പെട്ട ക്രിമിനലുകള്‍ക്ക് ജയിലില്‍ നല്‍കുന്ന പരിരക്ഷകളെ കുറിച്ചു എടുത്തു പറയേണ്ട കാര്യമില്ലലോ സര്‍.
ഒരു പാവപ്പെട്ട തോട്ടം തൊഴിലാളിയുടെ മകന്റെ കസ്റ്റഡി മരണത്തില്‍ പങ്കാളികള്‍ ആയ എല്ലാവരെയും നിയമത്തിന്റെ മുമ്പു കൊണ്ടു വരികയും അവര്‍ക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം സര്‍.
തട്ടിപ്പിലൂടെ അടിച്ചു മാറ്റിയ മുഴുവന്‍ തുകയും കണ്ടെത്തി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ ഏല്‍പ്പിക്കുകയും ചെയ്യണം.
അതിനു പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് പോലെ ജുഡീഷ്യല്‍ അന്വേഷണം തന്നെ ഉണ്ടാവണം. കുറ്റക്കാര്‍ക്ക് എതിരെ മാതൃകാപരമായി ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ഇനിയും ഇത് പോലുള്ള കസ്റ്റഡി മരണങ്ങള്‍ നമ്മുടെ സാക്ഷര കേരളത്തില്‍ സംഭവിക്കാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നും പൊതു മാര്‍ഗനിര്‍ദശം ഉണ്ടാകാനും താങ്കള്‍ നടപടികള്‍ സ്വീകരിക്കണം എന്നും അപേക്ഷിക്കുന്നു.

ഡോ.ഗിന്നസ് മാടസാമി

web desk 1: