X

കോപ്പ; അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍ ഫൈനലില്‍


ബൊലോഹൊറിസോണ്ട: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ ബ്രസീലിനു ജയം. ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. തുടക്കം മുതല്‍ അക്രമിച്ചു കളിച്ച ബ്രസീല്‍ 19ാം മിനിറ്റില്‍ കിടിലന്‍ പാസിങ്ങിലൂടെ ആദ്യ ഗോള്‍ നേടുകയായിരുന്നു. ഗബ്രിയേല്‍ ജീസസാണ് ഗോള്‍ നേടിയത്. 71ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍. ജീസസ് നല്‍കിയ പാസില്‍ സുന്ദരമായ ഗോളായിരുന്നു അത്.

കളിയിലുടനീളം ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഡാനി ആല്‍വസിന്റെ നേതൃത്വത്തില്‍ ആദ്യ മിനുറ്റില്‍ തന്നെ ബ്രസീലിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. 15ാം മിനിറ്റില്‍ അര്‍ജന്റീനയുടെ മികച്ച ഒരു മുന്നേറ്റം കോര്‍ണര്‍ വഴങ്ങിയാണ് ബ്രസീല്‍ രക്ഷപ്പെടുത്തിയത്. 19ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പ്രതിരോധ നിരയിലെ ദൗര്‍ബല്യം മുതലെടുത്ത് ബ്രസീല്‍ ആദ്യ ഗോള്‍ നേടി. ജീസസ് വകയായിരുന്നു ഗോള്‍ നേട്ടം. തുടര്‍ന്ന് മൈതാനത്ത് തുടരെ തുടരെ അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. മെസിയുടെ തുടരെ തുടരെയുള്ള മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ മാത്രം പരാജയപ്പെട്ടു.

രണ്ടാം പകുതി അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങയത്. 51ാമത്തെ മിനുറ്റില്‍ മെസിയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പോയി. 56ാം മിനുറ്റില്‍ ബ്രസീല്‍ ഗോള്‍മുഖത്ത് അര്‍ജന്റീനയുടെ തുടരെ തുടരെയുള്ള ഷോട്ടുകള്‍ പായിച്ചെങ്കിലും പന്ത് കണക്ട് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. പിന്നീട് മാര്‍കസ് അകുനയെ മാറ്റി ഡിമരിയയെ കളത്തിലിറക്കിയെങ്കിലും കളി പിടിക്കാനായില്ല. ഒരു ഘട്ടത്തില്‍ മെസിയുടെ തകര്‍പ്പനൊരു ഫ്രീകിക് ബ്രസീല്‍ ഗോളി തടുത്തിട്ടു. മറ്റൊരു ഫ്രീകിക് മെസി പാഴാക്കുകയും ചെയ്തു. അവസാനത്തില്‍ ഡിബാലയെ ഇറക്കിയെങ്കിലും തോല്‍ക്കാനായിരുന്നു അര്‍ജന്റീനയുടെ വിധി.

നേരത്തെ പരഗ്വായെ 4-3നു പരാജയപ്പെടുത്തിയാണ് ബ്രസീല്‍ സെമിഫൈനല്‍ ടിക്കറ്റ് നേടിയത്. വെനസ്വേലയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീനയും സെമിഫൈനല്‍ പ്രവേശനം നേടി.

web desk 1: