X
    Categories: CultureMoreViews

പ്രതിപക്ഷം ഒരുമിച്ചാല്‍ മോദിയും വീഴും; സഖ്യം പൊളിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാറും സുരക്ഷിതമല്ല

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അധികാരം നഷ്ടപ്പെട്ടതിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും ബി.ജെ.പിയുടെ ഭാവി തുലാസില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി അധികാരത്തില്‍ എത്തിയതെങ്കിലും നിലവിലെ അംഗബലം അത്ര ഭദ്രമല്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.പിമാരായ ബി.എസ് യദ്യൂരപ്പയും ബി ശ്രീരാമുലുവും ലോക്‌സഭാംഗത്വം രാജിവെച്ചതോടെയാണ് ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം നഷ്ടമായത്. 2014ല്‍ 285 സീറ്റിലാണ് ബി.ജെ.പി വിജയിച്ചിരുന്നത്. 543 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 അംഗങ്ങളുടെ പിന്തുണയായിരുന്നു. കേവല ഭൂരിപക്ഷത്തേക്കാള്‍ 13 അംഗങ്ങളുടെ പിന്തുണ അധികമുണ്ടായിരുന്നു ബി.ജെ.പിക്ക് തനിച്ച്. സഖ്യകക്ഷികള്‍ കൂടി ഉള്‍പ്പെടുന്ന എന്‍.ഡി.എ മുന്നണിക്ക് 339 അംഗങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പല ഘട്ടങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ ബി.ജെ.പിയുടെ അംഗബലത്തിന് കോട്ടം തട്ടി. 2014ല്‍ 44 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ നില 48 ആയി ഉയര്‍ന്നു.
ബി.ജെ.പി 274 സീറ്റിലേക്ക് ചുരുങ്ങി. ഇതില്‍ രണ്ടുപേര്‍ ബി.ജെ.പി റിബലുകളായ കീര്‍ത്തി ആസാദും ശത്രുഘ്‌നന്‍ സിന്‍ഹയുമാണ്. ഇവരെ ഒഴിച്ചുനിര്‍ത്തിയാല്‍ അംഗബലം 272. ഇതില്‍നിന്നാണ് യദ്യൂരപ്പയും ശ്രീരാമുലവും രാജിവെച്ചത്. ഇതോടെ അംഗബലം 270ലെത്തി.

നിലവില്‍ 536 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. മറ്റു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഉത്തര്‍പ്രേദശിലെ ഖൈരാന ഉള്‍പ്പെടെ അഞ്ച് സീറ്റില്‍ ഈ മാസം അവസാനം ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ സഭയുടെ അംഗബലം 541 ഉം കേവല ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സംഖ്യ 271ഉം ആകും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒന്നിലെങ്കിലും വിജയിച്ചില്ലെങ്കില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം തനിച്ചു ഭൂരിപക്ഷമുള്ള പാര്‍ട്ടി എന്ന ഖ്യാതി ബി.ജെ.പിക്കു നഷ്ടമാകും. അതേസമയം സഖ്യ കക്ഷികളുടെ പിന്തുണയുള്ളതിനാല്‍ അധികാരം നഷ്ടപ്പെടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: