X
    Categories: MoreViews

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷം സ്ഥാനര്‍ത്ഥിയെ നിര്‍ത്തും

 

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സൂചന. നാളെ ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷം പരിഗണിക്കുന്നത്. ബിഹാര്‍ ഗവര്‍ണറും ദളിത് സമുദായംഗവുമായ രാം നാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പിക്ക് അതേ നിലയില്‍ തന്നെയുള്ള എതിരാളിയെ നിര്‍ത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.
ഈ സാഹചര്യത്തിലാണ് മീരാ കുമാറിന്റെയും ഷിന്‍ഡേയുടേയും പേര് പരിഗണിക്കുന്നത്. ദളിത് സമുദായംഗങ്ങള്‍ എന്നതിനു പുറമെ സജീവ രാഷ്ട്രീയക്കാരുമാണ് എന്നതാണ് ഇവരുടെ പ്രത്യേകത. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എക്കാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. വിജയിച്ചില്ലെങ്കിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വാക്ക് ഓവര്‍ നല്‍കേണ്ടതില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. നിര്‍ദേശം കോണ്‍ഗ്രസും തത്വത്തില്‍ അംഗീകരിച്ചതായാണ് വിവരം.
ആദ്യ ഘട്ടത്തില്‍ നിലപാട് വ്യക്തമാക്കാതിരുന്ന, എന്‍.ഡി.എ ഘടകക്ഷി കൂടിയായ ശിവസേന ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയതോടെ ബി.ജെ.പി ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. എന്‍. ഡി. എക്ക് മാത്രമായി ഇലക്ടറല്‍ കോളജില്‍ 48 ശതമാനത്തോളം വോട്ടുണ്ട്. ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതിയും എ. ഐ. എ. ഡി.എം.കെയിലെ ഇരു വിഭാഗങ്ങളും കോവിന്ദിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അവസാന നിമിഷത്തില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ 60 ശതമാനത്തിനടുത്ത് വോട്ടുകള്‍ കോവിന്ദിന് ലഭിച്ചേക്കും.
അതേസമയം ജെ.ഡി.യു, സമാജ്് വാദിപാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് മുന്‍ ബിഹാര്‍ ഗവര്‍ണര്‍ കൂടിയായ രാം നാഥ് കോവിന്ദ്. അതേസമയം തന്നെ ജെ. ഡി.യുവിലെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ശരദ് യാദവ് പ്രതിപക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുന്ന നേതാവുമാണ്.
പ്രതിപക്ഷം ദളിത് സമുദായംഗത്തെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാളെ വൈകീട്ട് 4.30ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

chandrika: