X

ഒഡീഷയില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കി

ഭുവനേശ്വര്‍: സമൂഹ മാധ്യമങ്ങളിലൂടെ ശ്രീരാമനെയും സീതയേയും അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒഡീഷയിലെ തീരദേശ ജില്ലയായ ഭദ്രകില്‍ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. വി.എച്ച്.പി, ബജ്‌റംഗ്ദള്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഭദ്രകിലെ നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കി. നാലു പൊലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെതുടര്‍ന്ന് ഭുവനേശ്വറില്‍ നിന്ന് 114 കിലോമീറ്റര്‍ അകലെയുള്ള ഭദ്രകില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി ഭദ്രക് നഗരത്തില്‍ മാത്രം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഹിന്ദുത്വവാദികള്‍ അഗ്നിക്കിരയാക്കി. ചില ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് വാഹനങ്ങളും തല്ലിതകര്‍ത്തു. റോഡുകളില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതോടെ ഗതാഗതവും താറുമാറായി. അക്രമികളുമായി വെള്ളിയാഴ്ച ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നഗരത്തില്‍ അക്രമികള്‍ അഴിഞ്ഞാടിയത്. സംഘര്‍ഷത്തെതുടര്‍ന്ന് കര്‍ഫ്യൂ ഞായറാഴ്ച രാവിലെ വരെ നീട്ടി. ധാംനഗര്‍, ബസുദേവ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഫ്യൂ വ്യാപിപ്പിച്ചു. ഭദ്രകിലേക്കുള്ള പ്രധാന റോഡുകളെല്ലാം പൊലീസ് അടച്ചിട്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി 35 പ്ലാറ്റൂണ്‍ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി അസിദ് തൃപതി, ഡി.ജി.പി കെ.ബി സിങ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സ്ഥിതി ശാന്തമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് 35 ഓളം പേരെ കസ്റ്റഡിയിലെടുത്തതായും ഡി.ജി.പി അറിയിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സാമൂഹ്യ നീതി മന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജറിന്റെ ഭദ്രകിലേക്കുള്ള യാത്ര റദ്ദാക്കി. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കേന്ദ്രമന്ത്രിയോട് പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വ്യക്തമാക്കി. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായതോടെ ഭദ്രക് ജില്ലാ കലക്ടര്‍ എന്‍.എന്‍ മിശ്രയെ സ്ഥലം മാറ്റി. കട്ടക് മുനിസിപ്പല്‍ കമ്മീഷണര്‍ ഗ്യാന രജ്ഞന്‍ ദാസിനാണ് ചുമതല. അതേസമയം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 1991 മാര്‍ച്ചില്‍ ഭദ്രകിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെതുടര്‍ന്ന് ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട നിരവധി പേര്‍ നാടുവിട്ടിരുന്നു.

chandrika: