X

റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഇനി എച്ച്.സി.എല്‍ ടെക് മേധാവി; ഇന്ത്യയിലെ അതിസമ്പന്ന

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന റോഷ്‌നി നാടാര്‍ മല്‍ഹോത്ര ടെക് ഭീമന്മാരായ എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്‌സണ്‍ ആയി നിയമിതയായി. അച്ഛന്‍ ശിവ് നാടാറിന്റെ പിന്‍ഗാമി ആയാണ് 38കാരിയായ റോഷ്‌നിയുടെ നിയമനം.

മാനേജിങ് ഡയറക്ടറായി ശിവ് നാടാര്‍ തുടരും. ചീഫ് സ്ട്രാറ്റജി ഓഫീസര്‍ എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐ.ടി കമ്പനിയാണ് നോയ്ഡ ആസ്ഥാനമായ എച്ച്.സി.എല്‍ ടെക്‌നോളജീസ്. ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസ കാലയളവില്‍ 2931 കോടിയാണ് കമ്പനിയുടെ ലാഭം.

ന്യൂഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന റോഷ്‌നി വസന്ത് വാലി സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. യു.എസ് ഇല്ലിനോയ്‌സിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.

നേരത്തെ, എച്ച്.സി.എല്‍ കോര്‍പറേഷന്റെ സി.ഇ.ഒ, എച്ച്.സി.എല്‍ ടെക്‌നോളജീസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍, ശിവ്‌നാഡാര്‍ ഫൗണ്ടേഷന്‍ ട്രസറ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ലാണ് ഇവര്‍ എച്ച്.സി.എല്ലിന്റെ ഡയറ്ക്ടര്‍ ബോര്‍ഡിലെത്തിയത്.

വന്യജീവി സംരക്ഷണത്തില്‍ ഏറെ താത്പര്യമുള്ള റോഷ്‌നി 2018ല്‍ ദ ഹാബിറ്റാറ്റ് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. 2019ല്‍ ഫോബ്‌സിന്റെ കണക്കു പ്രകാരം 36,800 കോടി രൂപയാണ് റോഷ്‌നിയുടെ ആസ്തി.

Test User: