X

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

webdesk14: