X

ഖസാക്കിന്റെ ഇതിഹാസം നാടകാവതരണം കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഒ.വി വിജയന്റെ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്‌കാരം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി വിജയന്റെ മകന്‍ മധു വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നാടകം മറ്റേതെങ്കിലും രൂപത്തില്‍ പുനര്‍നിര്‍മക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും അവതരിപ്പിക്കുന്നതും കോടതി തടഞ്ഞു. ഒ.വി വിജയന്‍രെ മരണശേഷം അദ്ദേഹത്തിന്റെ കൃതികളുടെ പകര്‍പ്പാവകാശം മധു വിജയനാണ് നല്‍കിയിരുന്നത്.

നാടകത്തിന്റെ സംവിധായകന്‍ ദീപന്‍ ശിവരാമന് പകര്‍പ്പാവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി മധു നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അനുമതി വാങ്ങാതെ ഖസാക്കിന്റെ ഇതിഹാസം നാടകമാക്കുകയും സംസ്ഥാനത്തിന് അകത്തും പുറത്തും അവതരിപ്പിക്കുകയും ചെയ്തതാണ് മധുവിനെ ചൊടിപ്പിച്ചത്. നാടകവിഷ്‌കാരത്തിന് അനുമതി വാങ്ങി കൊള്ളാമെന്ന് ദീപന്‍ ഇ-മെയില്‍ വഴി പ്രതികരിച്ചെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ലെന്ന് മധു പറഞ്ഞു. തൃക്കരിപ്പൂര്‍ കെ.എം.കെ സ്മാരക കലാസമിതിയാണ് നാടകം അരങ്ങിലെത്തിച്ചത്. നവംബര്‍ 11 മുതല്‍ 13വരെ മുംബൈയില്‍ നാടകം അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് കോടതി നീക്കം. നവംബര്‍ 28ന് കേസില്‍ തുടര്‍ വാദം കേള്‍ക്കും. ജസ്റ്റിസ് രാജീവ് സഹായി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Web Desk: