X

ബജറ്റിലെ അദൃശ്യമായ നികുതികള്‍ റദ്ദാക്കണം: ചിദംബരം

ന്യൂഡല്‍ഹി: സാമ്പത്തിക രംഗം മെച്ചപ്പെടുത്താനെന്ന പേരില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ചുമത്തിയ അദൃശ്യമായ നികുതികള്‍ റദ്ദാക്കണമെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവു വന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. 2016-17ലെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വ്യതിയാനമുണ്ടാകും. മാത്രമല്ല, 2017-18 വര്‍ഷത്തില്‍ ഉല്‍പ്പാദനം താഴേക്കു പോകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2018-19 വര്‍ഷത്തെ ഉല്‍പ്പാദനം താഴേയ്ക്കായിരിക്കുമെന്നും തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്നും ഇതു വന്‍ദുരന്തത്തിലേക്കു വഴിതെളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിശബ്ദ കൊലയാളിയെപ്പോലെയായിരിക്കും ഈ അവസ്ഥ. എല്ലാറ്റിനും ഉപരിയായി ലക്ഷ്യമില്ലാത്തതും ദിശയില്ലാത്തതുമാണ് ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടുനിരോധനത്തെ തുടര്‍ന്നു സാമ്പത്തിക രംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പോലും ബജറ്റിലില്ല. അദൃശ്യമായ നികുതികള്‍ ഏര്‍പ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ജിഎസ്ടി എന്നു നടപ്പാക്കാനാകുമെന്നും വ്യക്തതയില്ല. ഫെബ്രുവരിയില്‍ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് തീരുമാനം നീട്ടി. തീരുമാനം നീണ്ടു പോകുകയാണ്. നികുതിയേര്‍പ്പെടുത്തല്‍ ഉപഭോഗത്തെയും ഉല്‍പ്പാദനത്തെയും ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: