X

‘സി.ബി.ഐയെ കാണിച്ച് സി.പി.എമ്മിനെ വിരട്ടാന്‍ നോക്കണ്ട’; പി.ജയരാജന്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കേസ് സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് ജയരാജന്‍ പറഞ്ഞു.

കേസ് സി.ബി.ഐ അന്വേഷിക്കട്ടെ. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല. ശുഹൈബ് വധം നടന്ന സമയത്തുതന്നെ നിലപാട് വ്യക്തമാക്കിയതാണ്. പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു. ശുബൈധ് വധത്തില്‍ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യട്ടേ എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. ഇപ്പോള്‍ പ്രതികളെ പിടികൂടിയിട്ടുണ്ട്. വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണ കൊണ്ടാണ് ത്രിപുരയില്‍ ഗര്‍ഭിണിയായ സ്ത്രീയെ ആര്‍.എസ്.എസ് കൊല്ലുന്ന അവസ്ഥയുണ്ടായത്. ആര്‍.എസ്.എസ് ദേശീയതലത്തില്‍ നടത്തുന്ന ചുവപ്പ് ഭീകരത എന്ന പ്രചാരണം കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്.ത്രിപുരയില്‍ ഉള്‍പ്പെടെ സി.പി.എമ്മിനെതിരെ നടക്കുന്ന അക്രമസംഭവങ്ങള്‍ കൊണ്ട് നേരിടാമെന്ന് കരുതേണ്ട. സി.ബി.ഐ അന്വേഷണം കാട്ടി വിരട്ടണ്ടയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സഹായിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍പാഷ തള്ളി.

കേസ് പരിഗണിച്ച കോടതി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സംസ്ഥാത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കോടതി പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയില്ല. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഷുഹൈബിനെ വധിച്ചത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും കോടതി നിരീക്ഷിച്ചു.

chandrika: