X

ഗസ്സ : അന്താപരാഷ്ട്ര ഉച്ചകോടിലേക്കുള്ള അമേരിക്കയുടെ ക്ഷണം ഫലസ്തീന്‍ നിരസിച്ചു

ജറൂസലം: ഇസ്രാഈല്‍ ഉപരോധത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായം ഉറപ്പാക്കാനെന്ന പേരില്‍ അമേരിക്ക വിളിച്ചുകൂട്ടുന്ന അന്താരാഷ്ട്ര ഉച്ചകോടിയിലേക്കുള്ള വൈറ്റ്ഹൗസ് ക്ഷണം ഫലസ്തീന്‍ അതോറിറ്റി നിരസിച്ചു. ഗസ്സയുടെ ദുരിതങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണം ഇസ്രാഈല്‍ ഉപരോധമാണെന്ന് അമേരിക്കക്ക് നല്ലപോലെ അറിയാമെന്നും മാനുഷിക സഹായത്തിനുപകരം പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുകയാണ് വേണ്ടതെന്നും ഫലസ്തീന്‍ അതോറിറ്റി വക്താവ് അഹ്മദ് മജ്ദലാനി പറഞ്ഞു.ഉപരോധം പിന്‍വലിക്കാന്‍ ഇസ്രാഈലിനോട് ആവശ്യപ്പെടാതെ ഗസ്സയില്‍ കാരുണ്യ പ്രവര്‍ത്തനവുമായി ഇറങ്ങിത്തിരിക്കുന്നത് കാപട്യമാണ്. അതുകൊണ്ട് തന്നെ ഉച്ചകോടിയില്‍ ഫലസ്തീന്‍ പങ്കെടുക്കില്ല-അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ചെവ്വാഴ്ച പ്രത്യേക യോഗം ചേരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്രാഈല്‍ കാര്യ ഉപദേഷ്ടാവ് ജേസന്‍ ഗ്രീന്‍ബ്ലാട്ട് അറിയിച്ചിരുന്നു. ഗസ്സയിലെ ദുരിതങ്ങള്‍ക്കെല്ലാം കാരണം ഹമാസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപരോധമേര്‍പ്പെടുത്തിയ ഇസ്രാഈലിനെ സംരക്ഷിക്കുകയും ഹമാസിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന യു.എസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രാഈല്‍ ഉപരോധം കാരണം ഗസ്സയില്‍ ആയിരത്തിലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. വെള്ളവും ഭക്ഷണവും മരുന്നും കിട്ടാതെ ജനങ്ങള്‍ ദുരിതത്തിലാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് അടിയന്തര സര്‍ജറികള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നില്ല. 2007 ജൂണിലെ തെരഞ്ഞെടുപ്പില്‍ ഹമാസ് വന്‍ വിജയം നേടിയതോടെയാണ് ഗസ്സക്കെതിരെ ഇസ്രാഈല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഗസ്സയുടെ കര, വ്യോമ, നാവിക മേഖലകളെല്ലാം നിയന്ത്രിക്കുന്നത് ഇസ്രാഈലാണ്.

chandrika: