X
    Categories: MoreViews

പാകിസ്താന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷ്ണറെ വിളിച്ചു വരുത്തി

ഇസ് ലാമാബാദ്: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യന്‍ സൈന്യം ലംഘിച്ചതായി ആരോപിച്ച് പാകിസ്താന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷ്ണറെ വിളിച്ചു വരുത്തി. ഇന്ത്യ കരാര്‍ ലംഘിച്ചതായും വെടിവയ്പ്പിനെ തുടര്‍ന്ന് രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാക് ആരോപിച്ചു. ഹൈകമ്മീഷ്ണര്‍ ജെ.പി സിങിനെയാണ് വിളിച്ചു വരുത്തിയത്. ബരോഹ്, താണ്ഡര്‍ സെക്റ്ററുകളില്‍ ഇന്ത്യന്‍ സൈന്യം വെടിവയ്പ്പ് നടത്തിയതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സഖരിയ ആരോപിച്ചു. പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈന്യം അക്രമം അഴിച്ചു വിട്ടതായി ഡയറകടര്‍ ജനറല്‍ മുഹമ്മദ് ഫൈസല്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷ്ണറെ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യ നടത്തുകയാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും ഫൈസല്‍ ആരോപിച്ചു. ഈ മാസം എട്ടിനും ഒന്‍പതിനും ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ആരോപിച്ച് ഇസ്‌ലാമാബാദ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷ്ണറെ വിളിച്ചു വരുത്തിയിരുന്നു.

chandrika: