X

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം എട്ട് ഗ്രാമീണരെ വധിച്ചു

ശ്രീനഗര്‍: സാംബ, രജൗരി ജില്ലകളില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കൗമാരക്കാരുമാണ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഒറ്റ ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ ആളപായമാണിത്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

സാംബ സെക്ടറിലെ രാംഗഡില്‍ മാത്രം ആറുപേര്‍ മരിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് കൗമാരക്കാരും ഒരു കൗമാരക്കാരിയും മരിച്ചവരില്‍ ഉള്‍പ്പെടും. ഷെല്‍ ആക്രമണം കണ്ട് ഭയന്നുള്ള ഹൃദയസ്തംഭനത്തെതുടര്‍ന്നായിരുന്നു മറ്റൊരു മരണം. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഇവിടെ പരിക്കേറ്റു. രജൗരി ജില്ലയിലാണ് മറ്റു രണ്ടുപേര്‍ കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയോടു ചേര്‍ന്ന പണിയാരി വില്ലേജ് നിവാസികളായ സുല്‍ത്താന്‍ ബീഗം, ഇവരുടെ മകള്‍ മഖ്ബൂല്‍ ബീഗം എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൃഷിഭൂമിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് പാക് സൈന്യത്തിന്റെ മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്.

ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറിലുണ്ടായ വെടിവെപ്പില്‍ നാലു സിവിലിയന്മാര്‍ക്ക് പരിക്കേറ്റു. ബോദ്രാജ്, നിക്കി, ധരാനാ ദേവി, ചഞ്ചല ദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജമ്മു മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 82 എം.എം, 120 എം.എം മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പാക് നടപടിയോട് ശക്തമായി തിരിച്ചടിച്ചതായും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ലംഘനം രൂക്ഷമായ ഒക്ടോബര്‍ 19 മുതല്‍ ഇതുവരെ 5,000 മോര്‍ട്ടാര്‍ ഷെല്ലുകള്‍ പാകിസ്താനെതിരെ പ്രയോഗിച്ചതായി അതിര്‍ത്തി രക്ഷാ സേന വ്യക്തമാക്കി.

35,000ത്തില്‍ പരം വെടിയുണ്ടകളും തിരിച്ചടിക്കായി ഉപയോഗിച്ചു. ഒക്ടോബര്‍ 29 വരെയുള്ള കണക്കുകള്‍ പ്രകാരം 15 പാക് സൈനികര്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബി.എസ്.എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ട് സൈനികരാണ് ഇന്ത്യക്കായി വീരമൃത്യു വരിച്ചത്. രണ്ടാഴ്ചക്കിടെ 60ലധികം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

chandrika: