X

ഗള്‍ഫിലേക്കുള്ളതടക്കം ഇന്ത്യന്‍ വിമാനങ്ങള്‍ താഴ്ന്നു പറക്കരുതെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന്റെ പശ്ചാത്തലത്തില്‍ പാക്കാസ്ഥാന് മുകളിലിലൂടെ പറക്കുന്ന ഇന്ത്യന്‍ യാത്രാവിമാനങ്ങള്‍ക്ക് പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്ടോബറില്‍ ലാഹോറിന് മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ 29,000 അടി ഉയരത്തിലൂടെ പറക്കണമെന്നാണ് വിമാനക്കമ്പനികള്‍ക്കും വൈമാനികര്‍ക്കും പാകിസ്താന്‍ വ്യോമയാന അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക്ക് ബന്ധം വഷളായതിന് പിന്നാലെയാണ് നിയന്ത്രണം.

ഇത് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വ്യോമായന യാത്രക്ക് ദുരിതം വരുത്തും. രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കേണ്ട ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വഴിതിരിച്ച് വിടേണ്ട അവസ്ഥയാണിപ്പോള്‍.

ഇതുമൂലം വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യമേറിയതും സുരക്ഷിതവുമായ മറ്റ് റൂട്ടുകള്‍ തേടേണ്ട അവസ്ഥയിലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെന്നും സര്‍വീസുകള്‍ വൈകാനുള്ള സാധ്യയുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ അറിയിച്ചു. മിഡില്‍ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള പ്രധാന വ്യോമ ഇടനാഴിയാണ് പാകിസ്താന്‍.

തിങ്കളാഴ്ച ഇറക്കിയ നിര്‍ദ്ദേശത്തില്‍ വിമാനങ്ങള്‍ 33000 അടി ഉയരത്തില്‍ മാത്രമേ പറത്താന്‍ പാടുള്ളൂ എന്നായിരുന്നു നിര്‍ദേശം. പാകിസ്താന്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് താഴ്ന്നു പറക്കുവാന്‍ ഇപ്പോള്‍ അനുവാദം കൊടുത്തിരിക്കുന്നത്.

Web Desk: