X
    Categories: Newsworld

പീഡനത്തിന് ശിക്ഷ വരിയുടക്കല്‍; കടുത്ത നിയമവുമായി പാകിസ്താന്‍

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ബലാത്സംഗക്കേസ് കുറ്റവാളികള്‍ക്ക് രാസഷണ്ഡീകരണം നടത്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇത്തരം കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെഡറല്‍ കാബിനറ്റ് യോഗമാണ് വിഷയത്തില്‍ തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകള്‍ വന്നിട്ടില്ല.

ഇതൊരു ഗൗരവതരമായ വിഷയമാണ്. നമ്മുടെ പൗരന്മാര്‍ക്ക് സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. പീഡനത്തിന് ഇരയായവര്‍ക്ക് ഭയമില്ലാതെ പരാതി നല്‍കാം. അവരുടെ അസ്തിത്വം സര്‍ക്കാര്‍ മറച്ചുവയ്ക്കും- ഇംറാന്‍ ഖാന്‍ പറഞ്ഞതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

നിയമം പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് തെഹ്‌രീകെ ഇന്‍സാഫ് സെനറ്റര്‍ ഫൈസല്‍ ജാവേദ് ഖാന്‍ പറഞ്ഞതായും ചാനല്‍ വ്യക്തമാക്കി. മന്ത്രിസഭയിലെ ചില അംഗങ്ങള്‍ പീഡകര്‍ക്ക് പരസ്യമായി വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിച്ചു.

Test User: