X

ഇന്ത്യ നിര്‍മിച്ചതിനേക്കാള്‍ വലിയ ഫ്ലാഗ് നിര്‍മിക്കാന്‍ പാകിസ്താന്‍; ചെലവ് 40 കോടി

ഇന്ത്യ നിര്‍മിക്കുന്ന ദേശീയപതാകയേക്കാള്‍ ഉയരം കൂടിയ ദേശീയപതാക നിര്‍മിക്കുന്നതിനായി പാകിസ്ഥാന്‍ 40 കോടി രൂപ ചെലവാക്കുന്നു. സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുമ്പോഴാണ് പാകിസ്ഥാന്‍ ഇത്രയും പണം ചെലവാക്കുന്നത്. പഞ്ചാബ് പ്രവിശ്യാ സര്‍ക്കാറാണ് 76ാമത് സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 14 ന് 500 അടി ഉയരമുള്ള പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ പതാക ഉയര്‍ത്തും.

സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പ വാങ്ങിയതിന് തൊട്ടുപിന്നാലെ കോടികള്‍ ചെലവാക്കി പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനം വന്നത്. 413 അടി ഉയരമുള്ള പതാക അതിര്‍ത്തിയില്‍ ഉയര്‍ത്താന്‍ ഇന്ത്യ പദ്ധതിയിട്ടതിന് പിന്നാലെയാണ് 500 അടി ഉയരമുള്ള പതാക ഉയര്‍ത്തുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയം.

പഞ്ചാബ് പ്രവിശ്യക്ക് മാത്രം വിദേശ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ അടുത്ത 2വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 2,000 കോടി രൂപ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 2017ല്‍ വാഗ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ 400 അടി ഉയരമുള്ള പതാക ഉയര്‍ത്തിയിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പതാകയായിരുന്നു അത്. ഇന്ത്യ 360 അടി ഉയരമുള്ള പതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ 400 അടി ഉയരമുള്ള പതാക ഉയര്‍ത്തിയത്. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതാകയായിരുന്നു അന്നുയര്‍ത്തിയത്. ഈ റെക്കോര്‍ഡ് മറികടക്കാനാണ് 500 അടി ഉയരമുള്ള പതാക ഉയര്‍ത്തുന്നത്.

വിദേശ കടം തിരിച്ചടക്കാനായി പാകിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ ഐഎംഎഫ് അനുമതി നല്‍കിയിരുന്നു. ഒമ്പത് മാസത്തിനുള്ളില്‍ ഫണ്ട് അനുവദിക്കും. നേരത്തെ, സൗദി അറേബ്യ രണ്ട് ബില്യണ്‍ യുഎസ് ഡോളറും യുഎഇ ഒരു ബില്യണ്‍ ഡോളറും സഹായമായി നല്‍കി. കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ 1,739 പേര്‍ കൊല്ലപ്പെടുകയും 2 ദശലക്ഷം വീടുകള്‍ നശിക്കുകയും ചെയ്തതിന് പിന്നാലെയാണ് പാകിസ്ഥാന്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടത്. 30 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്.

webdesk13: