X

ഫലസ്തീന്‍ കുട്ടികള്‍ക്ക് അവകാശനിഷേധം: ഇസ്രാഈലിനെതിരെ യു.എസ് കോണ്‍ഗ്രസ് ബില്‍

വാഷിങ്ടണ്‍: ഇസ്രാഈല്‍ സൈനിക അധിനിവേശത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രത്യേക ബില്‍.
കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ കുട്ടികള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇസ്രാഈല്‍ സ്ഥാപനങ്ങള്‍ക്ക് യു.എസ് സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ ബില്‍ നിര്‍ദേശിക്കുന്നു.
മിനസോട്ടയില്‍നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ബെറ്റി മക്കില്ലമാണ് ബില്‍ അവതരിപ്പിച്ചത്. യു.എസ് കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും അംഗീകാരം ലഭിച്ച ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ.
എന്നാല്‍ അത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബില്‍ നിയമമാകാനുള്ള സാധ്യത വളരെ കുറവാണ്. ഇസ്രാഈല്‍ അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിലും സെനറ്റിലും ബില്ലിന് തിരിച്ചടി നേരിട്ടേക്കും. ഫലസ്തീനില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടരുന്ന ഇസ്രാഈലിനെതിരെ അമേരിക്കയില്‍ പൊതുജനവികാരം ശക്തിപ്പെടുമെന്നതു മാത്രമാണ് ബില്ലിലൂടെയുണ്ടാകുന്ന ഏക ഗുണഫലം.
ഫലസ്തീന്‍ കുട്ടികളെ തടവിലിട്ട് പീഡിപ്പിക്കുന്ന ഇസ്രാഈല്‍ സേനക്ക് അമേരിക്കന്‍ നികുതി ദാതാക്കളുടെ പണം എത്തുന്നില്ലെന്ന് ഉറപ്പാക്കി മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബെറ്റി മക്കില്ലം പറഞ്ഞു.
വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ കുട്ടികളെ ദ്രോഹിക്കുന്ന ഇസ്രാഈലിന് സാമ്പത്തിക സഹായം നല്‍കരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയോട് ബില്‍ ആവശ്യപ്പെടുന്നു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍-ഫലസ്തീനും മറ്റും ബില്ലിനെ സ്വാഗതം ചെയ്തു. ഇസ്രാഈല്‍ സേനക്കു കീഴില്‍ ഫലസ്തീന്‍ കുട്ടികള്‍ ഭീകര പീഡനങ്ങളാണ് അനുഭവിക്കുന്നത്. രാത്രി വീടുകളില്‍ ഇരിച്ചുകയറിയും ഏകാന്ത തടവില്‍ പാര്‍പ്പിച്ചും ചോദ്യംചെയ്തും ഇസ്രാഈല്‍ സേന ഫലസ്തീന്‍ കുട്ടികളെ മാനസികമായും ശാരീകമായും പീഡിപ്പിക്കുകയാണ്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ പതിനായിരത്തിലേറെ ഫലസ്തീന്‍ കുട്ടികളെ ഇസ്രാഈല്‍ സേന കസ്റ്റഡിയിലെടുത്ത് ജയിലിലടക്കുകയും ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും ഇസ്രാഈലിന്റെ സൈനിക കോടതികളില്‍ 500നും 700നുമിടക്ക് ഫലസ്തീന്‍ കുട്ടികളാണ് വിചാരണക്കായി കൊണ്ടുവരുന്നത്. നിലവില്‍ 280 കുട്ടികള്‍ ഇസ്രാഈല്‍ ജയിലില്‍ കഴിയുന്നുണ്ട്.

chandrika: