X

പ്രമുഖ ഫലസ്തീന്‍ പ്രവര്‍ത്തകനെ ഇസ്രാഈല്‍ കൊലപ്പെടുത്തി

ജറൂസലം: പ്രമുഖ ഫലസ്തീന്‍ വിമോചന പ്രവര്‍ത്തകന്‍ ബാസില്‍ അല്‍ അറാജിയെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് 31കാരനായ ബാസില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിലെ റാമല്ല നഗരത്തിലുള്ള വീട് വളഞ്ഞ ഇസ്രാഈല്‍ സൈനികര്‍ക്കുനേരെ അദ്ദേഹം വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

ബാസിലിന്റെ വീട്ടില്‍നിന്ന് രണ്ട് ആയുധങ്ങള്‍ കണ്ടെടുത്തതായി ഇസ്രാഈല്‍ സേന അവകാശപ്പെട്ടു.
ഇസ്രാഈലിനെതിരെ ആക്രമണങ്ങള്‍ ആസൂത്രം ചെയ്യുന്ന സെല്ലിന്റെ മേധാവിയായിരുന്നു അദ്ദേഹമെന്ന് ഇസ്രാഈല്‍ സൈനിക വക്താവ് പറഞ്ഞു. ഇസ്രാഈല്‍ സൈനികരും ബാസിലും തമ്മില്‍ രണ്ട് മണിക്കൂറോളം ഏറ്റുമുട്ടിയതായി ഫലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നു.
ബാസില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രോഷാകുലരായ ഫലസ്തീനികള്‍ ഇസ്രാഈല്‍ സൈനികര്‍ക്കുനേരെ കല്ലേറു നടത്തി.
ജനക്കൂട്ടത്തിനുനേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഫലസ്തീന്‍ മേഖലകളിലേക്ക് ഇസ്രാഈല്‍ നടത്തുന്ന നുഴഞ്ഞുകയറ്റങ്ങള്‍ സുരക്ഷാ സ്ഥിതിഗതികളെ അപകടപ്പെടുത്തുമെന്ന് ഫതഹ് വക്താവ് സിയാദ് ഖാലിദ് അബൂ സയ്യാദ് മുന്നറയിപ്പുനല്‍കി.

chandrika: