X
    Categories: Culture

ദുരന്ത സ്മരണയില്‍ ഫലസ്തീനികള്‍ നക്ബ ആചരിച്ചു

 

ജറൂസലം: ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തും നഷ്ടപ്പെട്ട മണ്ണിന്റെ വീണ്ടെടുപ്പിന് പ്രതിജ്ഞ പുതുക്കിയും ഫലസ്തീന്‍ ജനത നക്ബ ദിനം ആചരിച്ചു.
ഏഴര ലക്ഷം ഫലസ്തീനികളെ നിഷ്‌കരുണം അടിച്ചിറക്കിയും അഞ്ഞൂറിലേറെ ഗ്രാമങ്ങളും പട്ടണങ്ങളും തകര്‍ത്തും ഇസ്രാഈല്‍ രാഷ്ട്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 69-ാം ദുരന്തവാര്‍ഷിക ദിനത്തില്‍ ഫലസ്തീനിലെങ്ങും റാലികളും മാര്‍ച്ചുകളും അരങ്ങേറി. സയണിസ്റ്റ് അധിനിവേശത്തിനെതിരെ മെഴുകുതിരി കത്തിച്ചും സൈറണുകള്‍ മുഴുക്കിയും ജനം തെരുവിലിറങ്ങി.
ഇസ്രാഈലിലെ ജയിലുകളില്‍ 1500ഓളം ഫലസ്തീന്‍ തടവുകാര്‍ നടത്തുന്ന നിരാഹാര സമരം 29-ാം ദിവസത്തേക്ക് പ്രവേശിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്തവണത്തെ നക്ബ ദിനാചരണം.
വെസ്റ്റ്ബാങ്കില്‍ റാലിക്ക് സമാപനം കുറിച്ച് നടന്ന പരിപാടിയില്‍ തടവുകാരുടെ കുട്ടികള്‍ പ്രസംഗിച്ചു. നക്ബ ദിനത്തില്‍ നിസ്സഹകരണത്തില്‍ പങ്കെടുക്കാന്‍ ഇസ്രാഈലില്‍ ജയിലില്‍ നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 1948ല്‍ ഫലസ്തീനികളെ അവരുടെ മണ്ണിനിന്ന് അടിച്ചിറക്കിയതിന് ഇസ്രാഈല്‍ മാപ്പുപറയണമെന്ന് ഫലസ്തീന്‍ മുഖ്യ കൂടിയാലോചകന്‍ സാഇബ് എറകാത്ത് ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ക്ക് അവകാശങ്ങളെല്ലാം നിഷേധിച്ച് തെരുവിലേക്ക് തള്ളിയതിന്റെ ദേശീയ ദുരന്തമാണ് നക്ബയെന്ന് അദ്ദേഹം പറഞ്ഞു. 1948 മെയ് 14നായിരുന്നു ഇസ്രാഈല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അന്ന് അടിച്ചിറക്കപ്പെട്ട ദശലക്ഷക്കണക്കിന് ഫലസ്തീനികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും അവരുടെ പിന്മുറക്കാരും ദുരന്ത സ്മരണകളുമായി ഫലസ്തീനിന് അകത്തും പുറത്തുമുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദുരന്ത സ്മകരണകളുമായി ജീവിതം തള്ളിനീക്കുകയാണ്.
ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ജോര്‍ദാന്‍, ലബനാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലും അഭയാര്‍ത്ഥികളായി നരകിക്കുകയാണ് അവര്‍. സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതില്‍നിന്ന് ഇസ്രാഈല്‍ അവരെ തടഞ്ഞിരിക്കുകയാണ്. യു.എന്‍ പ്രമേയപ്രകാരം തങ്ങള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവകാശമുണ്ടെന്ന് ഫലസ്തീനികള്‍ പറയുന്നുണ്ടെങ്കിലും ഇസ്രാഈല്‍ അത് അംഗീകരിക്കുന്നില്ല.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി ചിതറിക്കിടക്കുന്ന ഫലസ്തീനികള്‍ എന്നെങ്കിലുമൊരിക്കല്‍ മടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. അത്തരമൊരു പ്രതീക്ഷയുടെ പ്രതീകമായി തകര്‍ക്കപ്പെട്ട വീടുകളുടെ താക്കോലുകള്‍ ഇന്നും അവര്‍ സൂക്ഷിക്കുകയും തലമുറകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
7,60,000 ഫലസ്തീനികളാണ് ഒറ്റയടിക്ക് അടിമത്വത്തിലേക്ക് അടിച്ചിറക്കപ്പെട്ടത്. തുടര്‍ന്ന് അവരും അവരുടെ പിന്മുറക്കാരും പൗരത്വം പോലുമില്ലാതെ ലോകത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞുതുടങ്ങി. ഇസ്രാഈല്‍ രൂപീകരണത്തിന്റെ തുടര്‍ന്നുള്ള ദിനങ്ങളില്‍ പത്തോളം കൂട്ടക്കുരുതികളും അരങ്ങേറി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടക്കം പതിനായിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രാഈല്‍ കൊന്നുതള്ളിയത്.
ഫലസ്തീനികളെ ഭൂമുഖത്ത് തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സയണിസ്റ്റ് നീക്കങ്ങള്‍. ഫലസ്തീനിന്റെ അടയാളം പോലും അവശേഷിക്കരുതെന്ന് ഇസ്രാഈലിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ഥലനാമങ്ങള്‍ പോലും തിരുത്തിയെഴുതി. അറബി പേരുകള്‍ക്ക് പകരം ഹീബ്രു പേരുകള്‍ എഴുതിച്ചേര്‍ത്തു.
ചരിത്രസ്മാരകങ്ങള്‍ തച്ചുടച്ചും അവയുടെ ചരിത്രങ്ങള്‍ തിരുത്തിയെഴുതിയും സയണിസ്റ്റുകള്‍ ഒരു പ്രദേശത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിച്ചതിന്റെ ദുരന്ത സ്മരണയാണ് നക്ബ.

chandrika: