X

കള്ളപ്പണ നിക്ഷേപം: നവാസ് ഷരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ഇസ്്‌ലാമാബാദ്: കള്ളപ്പണ നിക്ഷേപം സംബന്ധിച്ച ആരോപണങ്ങളില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബത്തിനുമെതിരെ പാകിസ്താന്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സംയുക്ത അന്വേഷണ സംഘ(ജെ.ഐ.ടി)ത്തിന് രൂപം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തെഹ്‌രീകെ ഇന്‍സാഫ് ചെയര്‍മാനും മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നവാസ് ഷരീഫിനെ അയോഗ്യനാക്കണമെന്ന ഇമ്രാന്‍ ഖാന്റെ ആവശ്യം സുപ്രീംകോടതിയുടെ ഭൂരിപക്ഷ ബെഞ്ച് തള്ളി. നവാസ് ഷരീഫിനെ അയോഗ്യനാക്കണമെന്ന് മൂന്നംഗ ബെഞ്ചില്‍ ഒരു അംഗം ആവശ്യപ്പെട്ടപ്പോള്‍ മറ്റ് രണ്ടു ജഡ്ജിമാര്‍ ഇതിനെ എതിര്‍ത്തു. അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം തുടര്‍ നടപടി ആലോചിച്ചാല്‍ മതിയെന്നായിരുന്നു ഭൂരിപക്ഷ ബെഞ്ചിന്റെ നിലപാട്.

സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പനാമ രഹസ്യ രേഖകളില്‍ നവാസ് ഷരീഫിന്റെയും കുടുംബത്തിന്റെയും പേര് ഇടംപിടിച്ചതാണ് നിയമ നടപടിക്ക് ആധാരം. പനാമ നിയമസ്ഥാപനമായ മൊസാക്ക് ഫൊന്‍സേക്കയില്‍നിന്നുള്ള 11.5 ദശലക്ഷം രഹസ്യ രേഖകള്‍ 2016ലാണ് പുറത്തുവന്നത്. നവാസ് ഷരീഫ്, അദ്ദേഹത്തിന്റെ മകള്‍ മര്‍യം, ആണ്‍മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവരുടെ പേരുകളാണ് രഹസ്യ രേഖകളില്‍ ഉള്‍പ്പെട്ടിരുന്നത്.
അതേസമയം നിയമപരമായി സമ്പാദിച്ചതാണ് ഈ പണമെന്നാണ് നവാസ് ഷരീഫിന്റെയും അദ്ദേഹത്തിന്റെ പി.എം.എല്‍(എന്‍) പാര്‍ട്ടിയും വാദിക്കുന്നത്. കുടുംബ ബിസിനസ്, വിദേശ ബിസിനസ് എന്നിവ വഴിയുള്ള സമ്പാദ്യമാണ് ഇവയെന്നാണ് വിശദീകരണം.

chandrika: