X

ഇന്ത്യയെ വിറപ്പിക്കാന്‍ ഓസ്‌ട്രേലിയക്കായി മോണ്ടി പനേസറും

സിഡ്‌നി: അടുത്ത മാസം ഇന്ത്യക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ സ്പിന്‍ കണ്‍സള്‍ട്ടന്റായി മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസറിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയമിച്ചു. 2012-13ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട്‌ പരമ്പര നേടുന്നതില്‍ മോണ്ടിയുടെ സ്പിന്‍ മികവ് നിര്‍ണായകമായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ അന്നത്തെ പരമ്പരയില്‍ 17 വിക്കറ്റുകളാണ് മോണ്ടി വീഴ്ത്തിയിരുന്നത്. ഈ മികവ് മുന്നില്‍ കണ്ടാണ് മോണ്ടിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയമിക്കുന്നത്.

എന്നാല്‍ തുടര്‍ന്ന് വന്ന പരമ്പരകളില്‍ മോണ്ടിക്ക് തിളങ്ങാനായിരുന്നില്ല. അതോടെ ടീമിലും സ്ഥാനം നഷ്ടപ്പെട്ടു. 50 ടെസ്റ്റുകളും 26 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ലെഫ്റ്റ് ആം സ്പിന്നറായ മോണ്ടിയുടെ സേവനം ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ സ്റ്റീഫന്‍ ഒക്ഫിക്ക് ഉപകാരപ്പെടുമെന്നും അത്‌പോലെ സ്പിന്നിനെ നേരിടുന്നതില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാവുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു. ഏഷ്യന്‍ പിച്ചുകളില്‍ തിളങ്ങണമെങ്കില്‍ സ്പിന്നിനെ വിദഗ്ധമായി നേരിടണം. ശ്രീലങ്കന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയ തോറ്റമ്പിയത് ഈ പോരായ്മ കൊണ്ടായിരുന്നു.

ന്യൂനത പരിഹരിച്ചില്ലെങ്കില്‍ അതെ വിധി തന്നെയാവും കംഗാരുക്കള്‍ക്ക് ഇന്ത്യയിലും നേരിടേണ്ടി വരിക. സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും മാക്‌സ്വലും ഒഴികെയുള്ള പുതുമുഖ താരങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ കളിപരിചയമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. രവിചന്ദ്ര അശ്വിന്‍ നയിക്കുന്ന സ്പിന്‍ ഡിപാര്‍ട്ട്‌മെന്റില്‍ രവീന്ദ്ര ജദേജ, അമിത് മിശ്ര, ജയന്ത് യാദവ് എന്നിവരാണ്. മിന്നും ഫേമിലാണ് ഇന്ത്യയുടെ സ്പിന്‍ ഡിപാര്‍ട്ട്‌മെന്റ്. കോഹ്‌ലിയുടെ നേതൃത്വത്തില്‍ വിജയം തുടരാനാവും ടീം ഇന്ത്യയുടെ ശ്രമം.

chandrika: