X

പഞ്ചാബില്‍ ബി.ജെ.പിക്ക് തിരിച്ചടി: സംസ്ഥാന അദ്ധ്യക്ഷന്‍ രാജിസമര്‍പ്പിച്ചു

അമൃത്സര്‍: പഞ്ചാബില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി സംസ്ഥാന അദ്ധ്യക്ഷനും ക്യാബിനറ്റ് മന്ത്രിയുമായ വിജയ് സാംബ്ല രാജിക്കൊരുങ്ങുന്നു. സംസ്ഥാന നേതൃത്വത്തിലെ ഉന്നതനായ മറ്റൊരു നേതാവും ഇയാള്‍ക്കൊപ്പമുണ്ട്. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്കാണ് ഇവര്‍ രാജി കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിയിലേക്കെത്തിച്ചത്.

താന്‍ ആവശ്യപ്പെട്ട പ്രകരാമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും കേന്ദ്രത്തിന്റെ അമിത ഇടപെടലാണ് സ്ഥാനാര്‍ത്ഥി പട്ടിക തെളിയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സ്ഥാനാര്‍ത്ഥി ലിസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. അതേസമയം സാംബ്ലയെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും വിട്ടുവീഴ്ച്ചക്കില്ലെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. ശിരോമണി അകാലി ദളുമായി ചേര്‍ന്നാണ് ബി.ജെ.പി പഞ്ചാബില്‍ മത്സരത്തിനൊരുങ്ങുന്നത്. സഖ്യത്തില്‍ 23 സീറ്റാണ് ബി.ജെ.പിക്ക് എസ്.ജെ.ഡി അനുവദിച്ചിരിക്കുന്നത്.

ഭരണവിരുദ്ധ വികാരം പേറുന്ന മുന്നണിക്ക് ബി.ജെ.പിയിലെ പോര് കനത്ത തിരിച്ചടിയാവും. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ്. മറുപുറത്ത് ക്രിക്കറ്ററും ബി.ജെ.പി എം.പിയുമായിരുന്ന നവ്‌ജ്യോത് സിങ് സിദ്ദു എത്തിയതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. അരവിന്ദ് കെജരിവാളിന്റെ ആംആദ്മി പാര്‍ട്ടിയും കച്ചമുറുക്കി രംഗത്തുണ്ട്. നിലവില്‍ പഞ്ചാബില്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ്.

chandrika: