X

പാനൂർ സ്ഫോടനം; സിപിഎമ്മിൻ്റെ ഉന്മൂലന സിദ്ധാന്തം, അന്വേഷണം എൻഐഎക്ക് വിടണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാനൂർ സ്ഫോടന സംഭവത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സിപിഎമ്മിൻ്റേത് ഉന്മൂലന സിദ്ധാന്തമെന്നും അന്വേഷണം ഉടൻ എൻഐഐക്ക് കൈമാറണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. അന്വേഷണം വൈകിപ്പിച്ച് കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

പാനൂരിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സിപിഎം കാലങ്ങളായി തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നോ രണ്ടോ പ്രതികളെ പിടിച്ചത് കൊണ്ട് കാര്യമില്ല. ആര് എന്തിന് വേണ്ടി ഉണ്ടാക്കി എന്ന് അന്വേഷിക്കണമെന്നും മുൻ ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാനൂരിൽ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ സിപിഎം പ്രവർത്തകനായ ഷെറിൽ മരണപ്പെടുകയും ചെയ്തു. സിപിഎമ്മിന് സംഭവത്തിൽ പങ്കില്ലെന്ന് വിശദീകരിച്ച് നേതൃത്വം രംഗത്തെത്തിയെങ്കിലും ഷെറിലിന്റെ സംസ്കാര ദിവസം സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ വീട് സന്ദർശിച്ചത് വിവാദമായിരുന്നു.

നേരത്തെ പാനൂരിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബ് കണ്ടെടുത്തിരുന്നു. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി. അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്‌ഫോടനത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറിൽ മരിച്ചത്. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. സ്ഫോടനം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

webdesk13: