X
    Categories: MoreViews

കെ.കെ ശൈലജ 29,000 നും സ്പീക്കര്‍ അരലക്ഷത്തിനും കണ്ണട വാങ്ങിയപ്പോള്‍ പന്ന്യന്റെ കണ്ണട വിലയെക്കുറിച്ചൊരു കുറിപ്പ്

ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വില കൂടിയ കണ്ണടകള്‍ വാങ്ങി വിവാദം സൃഷ്ടിച്ച അവസരത്തിലാണ് ചെറിയ വിലയില്‍ കണ്ണട വാങ്ങിയ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള കഥ പുറത്തുവരുന്നത്. മുന്‍ എം.പി.യും സി.പി.ഐ നേതാവുമായ പന്ന്യന്‍ രവീന്ദ്രന്റെ കണ്ണടയുടെ വിലയും കണ്ണട വാങ്ങിയ കഥയെക്കുറിച്ചും മാധ്യമപ്രവര്‍ത്തകനാണ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്. 90 രൂപയാണ് പന്ന്യന്റെ കണ്ണടയുടെ വില. ഈ കുറിപ്പിനോട് പന്ന്യന്‍ രവീന്ദ്രന്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തി്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കണ്ണടവിവാദത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സിപിഐയുടെ ഉന്നതനായ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സഹജമായ നിഷ്‌കളങ്കതയോടെ പറഞ്ഞു. ” ഈ കണ്ണട ബിസിനസില്‍ തന്നെ എല്ലാവരേം വിശ്വസിക്കാന്‍ പറ്റില്ല. ഓരോ കടേലും ഓരോ രീതിയാണ്. എനിക്കനുഭവമുണ്ട്”
എന്തു പറ്റിയെന്നു ഞാന്‍ ചോദിച്ചു. രവിയേട്ടന്‍ കുറച്ചുനാള്‍ മുമ്പ് തിരുവനന്തപുരത്ത് റീഡിങ് ഗഌസ് വാങ്ങാന്‍ പോയി. ഇഷ്ടപ്പെട്ട ഒന്നിനു വില ചോദിച്ചപ്പോള്‍ 650 രൂപ. ‘ ”ഇത്രയൊന്നും എന്റെ കയ്യില്‍ തരാനില്ലപ്പായെന്ന് പറഞ്ഞു”
അപ്പോള്‍ വാങ്ങിച്ചില്ലേ? ഞാന്‍ ചോദിച്ചു.
”അല്ലല്ല, അവിടുന്നു വാങ്ങിയില്ല. വേറെ കടേല്‍പോയി”
എന്നിട്ട്?
” 90 രൂപേടെ അവിടെ ഉണ്ടായിരുന്നു. ഒരു കുഴപ്പോമില്ല”
” 90 രൂപയ്ക്ക് ഇക്കാലത്ത് കണ്ണട കിട്ടുമോ?’
”റീഡിങ് ഗഌസ് കിട്ടും. ആറുമാസം മുമ്പാണ് ആദ്യം അതു വാങ്ങിയത്.കയ്യില്‍ നിന്നു കളഞ്ഞുപോയപ്പോള്‍ കുറച്ചുദിവസം മുമ്പ് വീണ്ടും അതേ കടേല്‍ പോയി. 10 രൂപ പക്ഷെ, കൂടി. 100 രൂപയ്ക്കു കിട്ടി. എനിക്കു ധാരാളം!’

സിപിഐയുടെ കേന്ദ്രസെക്രട്ടേറിയറ്റ് അംഗവും മുന്‍ ലോക്‌സഭാംഗവുമാണ് ഈ മനുഷ്യന്‍! ഇങ്ങനെയും ഇപ്പോള്‍ കണ്ണട വാങ്ങുന്നവരുണ്ട്. ആ റീഡിങ് ഗഌസുകൊണ്ട് ഈ കുറിപ്പ് വായിച്ച്, എന്തു പറയും എന്നതിലൊരു കൗതുകം ഇപ്പോഴുണ്ട്!

chandrika: