X

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പൊതു ബജറ്റ് നാളെ; ‘ബിബിസിയും അദാനിനും’ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. നാളെയാണ് പൊതു ബജറ്റ് ഉണ്ടാവുക. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനാണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത്.

സമ്മേളനത്തില്‍ 36 ബില്ലുകള്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം. ഒന്നാം ഘട്ടം ഫെബ്രുവരി 14ന് അവസാനിക്കും. രണ്ടാം ഘട്ട സമ്മേളനം മാര്‍ച്ച് 12ന് തുടങ്ങും.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍, ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയുടെ ഡോക്യുമെന്ററി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയെക്കുറിച്ചും അത് ഇന്ത്യയില്‍ നിരോധിച്ചതിനെക്കുറിച്ചും ചര്‍ച്ച വേണം. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ അവര്‍ വീണ്ടും സമര രംഗത്താണെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും യോഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തി.

webdesk13: