X

പട്ടേല്‍ ജന്മദിനം: കേന്ദ്ര നിര്‍ദേശം പാലിക്കില്ലെന്ന് ബംഗാള്‍

കൊല്‍ക്കത്ത: കേന്ദ്രവും ബംഗാളും തമ്മിലുള്ള ഭിന്നത തുറന്ന പോരിലേക്ക്. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തില്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐക്യ റാലി സംഘടിപ്പിക്കണമെന്ന കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ രംഗത്ത്. കോളജുകളും യൂണിവേഴ്‌സിറ്റികളുമടക്കം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്ര നിര്‍ദേശം പാലിക്കേണ്ടതില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

കേന്ദ്ര നിര്‍ദേശം പിന്തുടരില്ലെന്നും സര്‍ദാര്‍ പട്ടേല്‍ ജന്മദിനം സംസ്ഥാനം തങ്ങളുടേതായ രീതിയില്‍ ആഘോഷിക്കുമെന്നും ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറലുമായ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. ഈ മാസം 31ന് രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏകത കൂട്ടയോട്ടം നടത്തണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇതിനു പുറമെ രാജ്യം സര്‍ദാര്‍ വല്ലഭായി പട്ടേലിനെ അഭിവാദനം ചെയ്യുന്നുവെന്ന വിഷയത്തില്‍ നാടകങ്ങള്‍ അവതരിപ്പിക്കാനും ഇതിന്റെ വീഡിയോ പകര്‍ത്തി യു.ജി.സിക്ക് അയച്ചു നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി പരസ്യമായി രംഗത്തെത്തിയിരുന്നു.

chandrika: