X

സമാധാനത്തിനുള്ള പുരസ്‌കാരം; ആള്‍ട്ട് ന്യൂസ് സ്ഥാപകര്‍ നൊബേല്‍ പട്ടികയില്‍

ന്യൂഡല്‍ഹി: 2022 ലെ സമാധാന നോബല്‍ പുരസ്‌കാരത്തിനുള്ള സാധ്യതാ പട്ടികയില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്‌സ് മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും. ഇരുവരും പട്ടികയില്‍ ഉള്‍പ്പെട്ടതായി ടൈം ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 251 വ്യക്തികളും 92 സംഘടനകളും അടക്കം പട്ടികയില്‍ 343 പേരുകളാണുള്ളത്. 2018 ല്‍ നടത്തിയ ഒരു ട്വീറ്റിന്റെ പേരില്‍ സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

‘പ്രകോപനപരവും വിദ്വേഷം പടര്‍ത്തുന്നതുമായ’ വാക്കുകള്‍ ട്വീറ്റ് ചെയ്തു എന്ന പേരിലായിരുന്നു അറസ്റ്റ്. ഈ വര്‍ഷം ജൂണില്‍ ആയിരുന്നു അറസ്റ്റ്. മതത്തിന്റെ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കും ഡല്‍ഹി പൊലീസ് കേസെടുക്കുകയായിരുന്നു. സുബൈറിന്റെ അറസ്റ്റ് ഇന്ത്യക്ക് പുറത്തും പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി. കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് മോശം രീതിയിലാണെന്ന വിമര്‍ശനമുയര്‍ന്നു. ഒരു മാസത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ സുബൈര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.

നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ നോബല്‍ കമ്മിറ്റി മാധ്യമങ്ങളോടെ സ്ഥാനാര്‍ത്ഥികളോടെ അറിയിച്ചിട്ടില്ലെങ്കിലും റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ ബെലററേഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തക സ്വിയാറ്റ്‌ലാന സിഖനൂസ്‌കയ, ബ്രോഡ്കാസ്റ്റര്‍ ഡേവിഡ് ആറ്റന്‍ബറോ, കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ്, പോപ്പ് ഫ്രാന്‍സിസ്, ടുവലുവിന്റെ വിദേശകാര്യ മന്ത്രി സൈമണ്‍ കോഫെ, മ്യാന്‍മറിന്റെ ദേശീയ ഐക്യ സര്‍ക്കാരും നോര്‍വീജിയന്‍ നിയമനിര്‍മ്മാതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡോമിര്‍ സെലെന്‍സ്‌കി, യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), റഷ്യന്‍ വിമതനും വ്‌ളാഡിമിര്‍ പുടിന്റെ നിരൂപകനുമായ അലക്‌സി നവാല്‍നി എന്നിവരും സമാധാന സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2022 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാക്കളെ ഒക്ടോബര്‍ 7 ന് ഓസ്്‌ലോയില്‍ പ്രഖ്യാപിക്കും.

web desk 3: