X
    Categories: keralaNews

ഒരു വാഗ്ദാനം കൂടി പൊളിയുന്നു നടക്കാത്ത പെന്‍ഷന്‍ പദ്ധതിക്ക് സര്‍ക്കാര്‍ ചിലവഴിച്ചത് ഒരു കോടി

ബഷീര്‍ കൊടിയത്തൂര്‍

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപ്പരിശോധിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പൊടിച്ചത് ഒരു കോടിയിലേറെ രൂപ. മൂന്നംഗ സമിതിയെ നിയമിക്കുകയും അവരെ ഉപയോഗിച്ച് സമയം നീട്ടിക്കൊണ്ടു പോകുകയും ചെയ്ത് ജീവനക്കാരെ വഞ്ചിച്ച ഇടതുസര്‍ക്കാര്‍ അവസാനം വാഗ്ദാനം പാലിക്കാനാവാതെ പിന്‍മാറി. വിരമിച്ച ജഡ്ജി അടക്കം മൂന്നു അംഗങ്ങളും അവരുടെ ശമ്പളവും ഓഫിസ് സൗകര്യമൊരുക്കുകയും ചെയ്ത് വഴിയാണ് രണ്ടുവര്‍ഷത്തേക്ക് ഒരു കോടി 20 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. ഒരംഗത്തിന് 75,000 രൂപ വീതം ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കും പുറമെ ഓഫിസ് സൗകര്യമൊരുക്കാന്‍ 50 ലക്ഷവും ചെലവഴിച്ചു. അവസാനം പദ്ധതി പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഇതേ സമിതിയുടെ ശുപാര്‍ശയില്‍ വിജ്ഞാപനമിറക്കി പങ്കാളിത്ത പദ്ധതിക്ക് അംഗീകാരവും നല്‍കി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒഴിവാക്കി സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പു സമയത്ത് നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ പാഴ്‌വാക്കായത്. സര്‍ക്കാര്‍ ജീവനക്കാരുടെ പിന്തുണ പിടിച്ചുപറ്റാന്‍ പയറ്റിയ തന്ത്രം ഇപ്പോള്‍ ഇടതുസര്‍ക്കാറിനെതിരെ ജീവനക്കാര്‍ തന്നെ ആയുധമാക്കുകയാണ്.
2013 ഏപ്രില്‍ മുതല്‍ ജോലിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലെ പെന്‍ഷന്‍ പദ്ധതി മാറ്റി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഇതിന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. അതിന്റെ മറപിടിച്ചാണ് പഴയ പെന്‍ഷന്‍ പദ്ധതി തിരിച്ചുകൊണ്ടുവരുമെന്ന് ഇടതുപക്ഷം തെരഞ്ഞെടുപ്പു വാഗ്ദാനമായി അവതരിപ്പിച്ചത്. പ്രകടനപത്രികയില്‍ മുഖ്യസ്ഥാനം നല്‍കിയ പെന്‍ഷന്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ പിന്തുണയിലാണ് ഇടതുസര്‍ക്കാര്‍ തുടര്‍ന്ന് അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തിയിട്ടും പങ്കാളിത്ത പെന്‍ഷന്‍ പുനപ്പരിശോധിക്കുന്ന കാര്യത്തില്‍ താല്‍പര്യമെടുത്തില്ല. അവസാനം ഇടതുഅനുകൂല സംഘടനകള്‍ രംഗത്തിറങ്ങിയതോടെയാണ് ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷനെ നിയമിക്കാന്‍ തയ്യാറായത്. വിരമിച്ച ജില്ലാ ജഡ്ജി എസ് സതീഷ് ചന്ദ്രബാബു ചെയര്‍മാനായ സമിതിയില്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ പി മാരപാണ്ഡ്യന്‍, സാമ്പത്തിക ശസ്ത്രജ്ഞന്‍ പ്രൊഫ. ഡി നാരായണ എന്നിവരാണ് അംഗങ്ങള്‍.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പദ്ധതി നടപ്പാക്കിയത്. ഇതിന് ഉത്തരവായപ്പോള്‍ കേന്ദ്ര പെന്‍ഷന്‍ ഫണ്ട് പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ബാധകമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. പെന്‍ഷന്‍ നിധിയിലേക്ക് പണം നിക്ഷേപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നുമില്ല. നിയമപരമായ ഈ ബാധ്യത ബാക്കി നില്‍ക്കെയാണ് പുനപ്പരിശോധനാ സമിതി ഇക്കാര്യം പരിശോധിക്കാനെത്തുന്നത്. എന്നാല്‍ പഴയ പദ്ധതിയെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം പങ്കാളിത്ത പെന്‍ഷന് നിയമസാധുത നല്‍കുന്ന തരത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ധനവകുപ്പ് തയ്യാറായത്. ഇങ്ങനെ ചെയ്തത് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നത് തടയാനായാണ് എന്നായിരുന്നു വിശദീകരണം. നടക്കില്ലെന്ന് ബോധ്യമുള്ള പദ്ധതിയുടെ പേരില്‍ ജീവനക്കാരെ പറ്റിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്ത സര്‍ക്കാര്‍ പിഎഫ്ആര്‍ഡിഎ ബാധകമാക്കി വിജ്ഞാപനം പുറപ്പെടുവിക്കേണ്ട നടപടിയാണ് ഇതോടെ പൂര്‍ത്തിയാക്കിയത്.
മുന്‍പേ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പദ്ധതി വന്നശേഷമാണ് നിയമനം ലഭിച്ചതെങ്കില്‍ അവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ബാധകമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇത് നടപ്പാക്കാന്‍ ജീവനക്കാര്‍ കോടതിയെ സമീപിച്ചപ്പോള്‍ വിഷയം സമിതിക്കു വിട്ടിരിക്കുകയാണെന്നാണ് ധനവകുപ്പ് മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതിനാല്‍ ഇങ്ങനെ നിയമിതരായവര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിഷേധിക്കുകയാണ്.
2013 ഏപ്രില്‍ ഒന്നുമുതല്‍ നിയമിതരായ ജീവനക്കാര്‍ വിഹിതം പെന്‍ഷന്‍ നിധിയില്‍ അടയ്ക്കുന്നുണ്ട്. സര്‍ക്കാരും വിഹിതം അടയ്ക്കുന്നു. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് ഫണ്ട് (പിഎഫ്ആര്‍ഡിഎ) നിശ്ചയിച്ച നിധികളിലാണ് പണം നിക്ഷേപിക്കുന്നത്. പദ്ധതി ഇതേ നിലയില്‍ തുടര്‍ന്നാല്‍, ജീവനക്കാര്‍ വിരമിക്കുമ്പോള്‍ ആനുകൂല്യം ലഭിക്കേണ്ടത് നിധിയില്‍നിന്നാണ്. 2200 കോടിയില്‍പ്പരം രൂപ കേരളത്തിന്റെ നിക്ഷേപം നിധിയിലുണ്ട്.
ഓരോ ജീവനക്കാരനും പെന്‍ഷന്‍ അക്കൗണ്ടില്‍ അടച്ച തുകയ്ക്ക് അനുസരിച്ചേ പ്രതിമാസ പെന്‍ഷന്‍ ലഭിക്കൂ. അത് ഓരോരുത്തര്‍ക്കും ബാങ്ക് അക്കൗണ്ടിലാണ് വരിക. എത്ര പെന്‍ഷന്‍ കിട്ടുമെന്ന് സര്‍ക്കാരിന് കൃത്യം കണക്ക് പറയാനാകില്ല. വിരമിക്കുന്ന അവസരത്തില്‍, അവര്‍ തെരഞ്ഞെടുക്കുന്ന പദ്ധതിക്കനുസരിച്ചുള്ള തുകയാണ് പെന്‍ഷനായി ലഭിക്കുന്നത്.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാറും ശമ്പളത്തിന്റെ 10 ശതമാനം വീതമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കുന്നത്. കേന്ദ്രത്തില്‍ ജീവനക്കാര്‍ 10 ശതമാനവും സര്‍ക്കാര്‍ 14 ശതമാനവുമാണ്. കേന്ദ്ര പദ്ധതിയായതിനാല്‍ സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ 14 ശതമാനം എന്നത് പിന്തുടരേണ്ടതാണെങ്കിലും അത് നടപ്പാക്കിയില്ല. അത് ജീവനക്കാരോടുള്ള വഞ്ചനയാണെന്ന് സര്‍വീസ് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സിവില്‍ സര്‍വീസ് കേഡറിലുള്ളവരുടെ പെന്‍ഷന്‍ വിഹിതം സംസ്ഥാനത്ത് 14 ശതമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗുണം മറ്റു മേഖളയിലെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല.
പങ്കാളിത്ത പെന്‍ഷനിലൂടെ ലഭിക്കുന്ന വിഹിത സംഖ്യ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിലും പിരിയുമ്പോള്‍ എത്ര പെന്‍ഷന്‍ ലഭിക്കുമെന്ന കാര്യത്തിലും ഇപ്പോഴും തീരുമാനമായിട്ടില്ല. ഓഹരികമ്പോളത്തിലേക്കും വികസനപദ്ധതികള്‍ക്കുള്ള വായ്പാ തുകയായും മറ്റും ഉപയോഗിക്കുമെന്ന് പറയുന്നതല്ലാതെ ഇക്കാര്യത്തില്‍ ഫലപ്രദമായ നീക്കങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാരടക്കം ഒന്നര ലക്ഷം പേരാണ് ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഇടതു അനുകൂല സംഘടനാ അനുകൂലികളാണെങ്കിലും പെന്‍ഷന്‍ പദ്ധതി പുനസ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയതില്‍ നിരാശയിലാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: