X

ജനഹിതരാഷ്ട്രീയമാണ് ലീഗിന്റെ ലക്ഷ്യം : മുനവ്വറലി തങ്ങൾ

മലപ്പുറം : പ്രാദേശിക പാർട്ടി ഓഫീസുകളെ പൊതുജന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന മുസ്‌ലിം യൂത്ത് ലീഗ് ജനസഹായി പദ്ധതിയുടെ രണ്ടാം ഘട്ട കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പാണക്കാട് വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എം.എസ് എ സൗധത്തിൽ തുടങ്ങുന്ന ജനസഹായി കേന്ദ്രത്തിന്റെ ഉദ്ഘാനത്തോടെയാണ് ജനസഹായി കേന്ദ്രങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത് .

ഏതൊരാൾക്കും പ്രതീക്ഷയോടെയും നിർഭയമായും കയറിവരാനും സന്തോഷപൂർവ്വം അവിടെ നിന്നും തിരിച്ചുപോവാനും കഴിയുന്ന സാധാരണക്കാരുടെ ആശാകേന്ദ്രങ്ങളാണ് മുസ്‌ലിം ലീഗ് പാർട്ടി ഓഫീസുകൾ എന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നിർണയിക്കുന്നതാണ് മുസ്‌ലിം യൂത്ത് ലീഗ് ജനസഹായിയെന്നും മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അറിഞ്ഞുപ്രവർത്തിക്കുമ്പോഴാണ് ആധുനിക രാഷ്ട്രീയം പൂർണ്ണമാവുകയുള്ളൂ. അതിനുള്ള സാഹചര്യമൊരുക്കിയാണ് ലീഗ് ഓഫീസുകളിൽ ജനസഹായി പ്രവർത്തിക്കുന്നതെന്നും ജനഹിത രാഷ്ട്രീയമാണ് ലീഗ് പിന്തുടരുന്നതെന്നും തങ്ങൾ പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ കൂടുതൽ പാർട്ടി ഓഫീസുകളിൽ ജനസഹായി കേന്ദ്രങ്ങളുടെ പ്രവർത്തനം ലഭ്യമാക്കുക എന്നത് യൂത്ത് ലീഗിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയും ജനസഹായി സംസ്ഥാന കോർഡിനേറ്ററുമായ ഗഫൂർ കോൽകളത്തിൽ സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി , സെക്രട്ടറി ടി.പി.എം ജിഷാൻ, ജില്ല പ്രസിഡണ്ട് ഷരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, എം.എസ് .എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ബാവ വിസപ്പടി, ടി.പി. ഹാരിസ്, എൻ.കെ ഹഫ്സൽ റഹ്മാൻ, ശരീഫ് വടക്കയിൽ , മണ്ഡലം പ്രസിഡണ്ട് എ. പി ഷരീഫ്, ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, സി. പി സാദിഖ്, സുബൈർ, സയ്യിദ് നസീർ തങ്ങൾ, നൗഷാദ് കുരുണിയൻ, അഷ്റഫ്, മൻസൂർ, മുർഷിദ്, സൽമാൻ, മുബഷിർ അലി, അൻഫാർ, ഷഫീഖ് അലി, സൽമാൻ സംബന്ധിച്ചു. രണ്ടാം ഘട്ടത്തിൽ തുടങ്ങുന്ന സംസ്ഥാനത്തെ മറ്റു കേന്ദ്രങ്ങൾ ജൂലായ് 7 നു വെള്ളിയാഴ്ച്ച അതാത് പ്രദേശവാസികൾക്കായി തുറന്ന് കൊടുക്കും.

 

webdesk14: