X

‘കുവി’ അനാഥയാകില്ല; എറ്റെടുത്ത് പോലീസുകാരന്‍

തൊടുപുഴ: പെട്ടിമുടി ദുരന്തത്തില്‍ കുവി എന്നൊരു വളര്‍ത്തുനായ വാര്‍ത്തയായിരുന്നു. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെത്തേടി രാജമലയിലൂടെ അലഞ്ഞുനടന്ന കുവി എട്ടാം ദിവസമാണ് അവളെ കണ്ടെത്തുന്നത്.
മൃതദേഹത്തിനടുത്തെത്തി നിര്‍ത്താതെ കുരയ്ക്കുന്ന കുവിയുടെ ചിത്രം വേദനിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് കുവിയെ ഏറ്റെടുക്കാന്‍ തയ്യാറായി ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ മുന്നോട്ട് വരികയായിരുന്നു.

അജിത് കാണുമ്പോള്‍ കുവി ലയത്തിന് പുറകില്‍ കിടക്കുകയായിരുന്നു. ഭക്ഷണമൊന്നും കഴിക്കാതെ അവശയായിരുന്നു അവള്‍. ഉടമസ്ഥരെയും കളിക്കൂട്ടുകാരിയെയും നഷ്ടപ്പെട്ട കുവിയെ ആ അവസ്ഥയില്‍ വിട്ടിട്ട് പോകാന്‍ അജിത്തിന്റെ മനസ്സനുവദിച്ചില്ല. അവളെ ഏറ്റെടുത്തുവളര്‍ത്താന്‍ തീരുമാനിക്കാന്‍ വലിയ സമയമൊന്നും വേണ്ടിവന്നില്ല. ആദ്യം തീറ്റ കൊടുത്തപ്പോള്‍ അവള്‍ തിന്നില്ല. അവളെ അവിടെ ഉപേക്ഷിച്ചുപോരാന്‍ മനസ്സ് അനുവദിക്കാത്തതിനാലാണ് അജിത് അനുമതിക്കായി ജില്ലാ കളക്ടറെയും വനസംരക്ഷണ സമിതിയെയും സ്ഥലം എം.പി.യെയും സമീപിച്ചത്. പിന്നീട് അനുമതി ലഭിക്കുകയായിരുന്നു.

അപകടം നടന്ന പെട്ടിമുടിയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഗ്രാവല്‍ ബാങ്ക് എന്ന സ്ഥലത്തുനിന്നാണ് ധനുഷ്‌കയുടെ മൃതദേഹം കണ്ടെടുത്തത്. ഇവിടെയുള്ള തൂക്കുപാലത്തിനടിയില്‍ മരച്ചില്ലകളില്‍ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളര്‍ത്തുനായ രാവിലെമുതല്‍തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അവിടെ തിരയുകയായിരുന്നു. കുവിയുടെ ഉടമസ്ഥരില്‍ ധനുഷ്‌കയുടെ മുത്തശ്ശി കറുപ്പായി മാത്രമേ ജീവനോടെയുള്ളൂ.

chandrika: