X
    Categories: Health

ഡിസംബര്‍ ഏഴിന് കോവിഡ് വാക്‌സിന്‍ എത്തും! ; വിതരണത്തിന് ഒരുങ്ങാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഒരുങ്ങാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം. പത്തുദിവസത്തിനുള്ളില്‍ ഫൈസര്‍/ബയോടെക് വാക്‌സിന്‍ ബ്രിട്ടനില്‍ വിതരണത്തിനു എത്തിക്കുമെന്നു എന്‍എച്ച്എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ബ്രിട്ടിഷ് മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അന്തിമ അനുമതിക്കുശേഷം ഡിസംബര്‍ എഴിന് വാക്‌സീന്‍ എത്തുമെന്നാണു കണക്കുകൂട്ടല്‍. ഡിസംബര്‍ 7, 8, 9 തീയതികളിലായി രാജ്യത്തിലെ നിരവധി ആശുപത്രികളില്‍ സ്റ്റോക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി എന്‍എച്ച്എസ് വ്യക്തമാക്കി.

ഫൈസര്‍/ബയോടെക് വാക്‌സീനില്‍നിന്നുള്ള ‘നല്ല ഫലങ്ങള്‍’ സ്വാഗതം ചെയ്യുന്നതായും പ്രാഥമികഘട്ടം ആയതിനാല്‍ ഒരു പരിഹാരമായി ആശ്രയിക്കരുതെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വാക്‌സീന്‍ ലഭ്യമാകുമ്പോള്‍ അത് എല്ലാവര്‍ക്കും നല്‍കാനായി സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്യുകയാണെന്നു ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

ക്രിസ്മസിന് എത്രയും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാമോ അത്രയും സാധാരണമായിത്തന്നെ പ്രവര്‍ത്തിക്കുക. ലോക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക. മരണസംഖ്യ ഉയരുകയാണ്. ജാഗ്രത പാലിക്കുക. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. പുതിയ കോവിഡ് വാക്‌സീന്‍ സുരക്ഷിതമായി കഴിയുന്നത്ര വേഗത്തില്‍ നല്‍കാനാണു ശ്രമിക്കുന്നത്. വാക്‌സിനേഷന്‍ ക്ലിനിക്കുകള്‍ ആഴ്ചയില്‍ ഏഴു ദിവസവും തുറക്കുമെന്നും ഹാന്‍കോക്ക് പറഞ്ഞു.

കോവിഡിന് എതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ഫൈസര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ വാക്‌സിന്‍ എത്രകാലമാണ് പ്രതിരോധം നല്‍കുക എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഒരുവര്‍ഷം സംരക്ഷണം കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 130 കോടി ഡോസ് വാക്‌സീന്‍ 2021 ല്‍ കമ്പനി ഉല്‍പാദിപ്പിക്കും.

 

web desk 3: