X

ഫലസ്തീന്‍ യുവാവിനെ ഇസ്രാഈല്‍ കൊലപ്പെടുത്തി

ജറൂസലം: കിഴക്കന്‍ ജറൂസലമിലെ സില്‍വാനില്‍ സമാധാനപരമായി പ്രതിഷേധിച്ച ഫലസ്തീന്‍ യുവാവിനെ ഇസ്രാഈല്‍ സൈനികര്‍ വെടിവെച്ചുകൊലപ്പെടുത്തി. അലി ശൗഖിയെന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. ജൂത അവധിദിനത്തില്‍ ഫലസ്തീന്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും സൈന്യത്തെ വിന്യസിച്ചുകൊണ്ടിരിക്കുകെയാണ് സംഭവം. സൈനിക വിന്യാസത്തിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ സേന വെടിവെക്കുകയായിരുന്നു. നെഞ്ചിനു വെടിയേറ്റ അലിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ഇസ്രാഈല്‍ സൈനികര്‍ തടഞ്ഞു.
യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സൈനികര്‍ പിരിഞ്ഞുപോയത്. മൃതദേഹവും ഇസ്രാഈല്‍ തട്ടിയെടുത്തേക്കുമെന്ന ഭീതിയെത്തുടര്‍ന്ന് മൃതദേഹം രാത്രി തന്നെ ഖബറടക്കി. 15 മാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഈവര്‍ഷം ആദ്യത്തിലാണ് അലിയെ ഇസ്രാഈല്‍ വിട്ടയച്ചത്. അരലക്ഷത്തോളം ഫലസ്തീനികളുള്ള സില്‍വാനില്‍നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ ഇസ്രാഈല്‍ കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോടതി ഉത്തരവും സൈനിക ബലവും ഉപയോഗിച്ചാണ് ഫലസ്തീനികളെ ഇസ്രാഈല്‍ പുറത്താക്കുന്നത്. കുടിയൊഴിഞ്ഞുപോകുന്ന ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത് പകരം ജൂത പാര്‍പ്പിടകേന്ദ്രങ്ങളാണ് നിര്‍മിക്കുന്നത്. ഇതിനെതിരെ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധങ്ങളെ ഇസ്രാഈല്‍ സേന ചോരയില്‍ മുക്കി അടിച്ചമര്‍ത്തുകയാണ് പതിവ്.

chandrika: