X

‘സാര്‍വ ദേശീയ തലത്തില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്ര തന്ത്രജ്ഞന്‍’; പ്രണബിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സാര്‍വ ദേശീയ തലത്തില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്ര തന്ത്രജ്ഞന്‍ ആയിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങള്‍ സമൂഹത്തില്‍ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചതായും മുഖ്യമന്ത്രി അനുസ്മരിച്ചു.

ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നെഹ്‌റുവിയന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നേര്‍ പിന്‍മുറക്കാരനായിരുന്ന പ്രണബ് മുഖര്‍ജി സമൂഹത്തില്‍ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടര്‍ത്തുന്നതിനും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു.

അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പ്രാഗത്ഭ്യമുള്ള വാഗ്മി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹാര്‍ദ്ദപൂര്‍ണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു.

ചേരിചേരാ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ചിരുന്ന അദ്ദേഹം പല നിര്‍ണായക ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരുദ്ധവും സോഷ്യലിസ്റ്റ് ചേരിക്ക് അനുകൂലവുമായ നയ സമീപനങ്ങള്‍ കൈക്കൊണ്ടിരുന്നു. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്. ആ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

chandrika: