X

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കല്‍ ; അമിത് ഷാ പറയുന്നതെന്ത്, യാഥാര്‍ത്ഥ്യമെന്ത്? – പി.കെ ഫിറോസ് എഴുതുന്നു

കശ്മീരിനു മാത്രം എന്തിനാ ഒരു പ്രത്യേക പദവി എന്നാണ് ബി.ജെ.പിക്കാര്‍ ചോദിക്കുന്നത്. ഇത്രയും കാലം വകവെച്ചു കൊടുത്തത് ഇല്ലാതാക്കാന്‍ മോദിഅമിത് ഷാ കൂട്ടു കെട്ട് വേണ്ടി വന്നു എന്നാണ് ബി.ജെ.പിക്കാര്‍ അവകാശപ്പെടുന്നത്. സത്യത്തില്‍ ഈ രാജ്യത്തെക്കുറിച്ചോ ഇന്ത്യ എന്നൊരു രാജ്യം എങ്ങിനെ രൂപപ്പെട്ടു എന്നോ യാതൊരു ധാരണയുമില്ലാത്തത് കൊണ്ടാണ് ഇങ്ങിനെയൊക്കെ അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നത്. അല്ലെങ്കിലും രാജ്യമെങ്ങും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം നടക്കുമ്പോള്‍ എത്തി നോക്കിയ ചരിത്രം പോലും അവകാശപ്പെടാനില്ലാത്തവരാണല്ലോ ഇക്കൂട്ടര്‍.

അതവിടെ നില്‍ക്കട്ടെ. കശ്മീരിന്റെ കാര്യത്തിലേക്ക് വരാം. ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. പാക്കിസ്ഥാന്റെയും ഭാഗമായിരുന്നില്ല. രണ്ട് രാജ്യത്തിന്റെയും ഭാഗമാകാതെ സ്വതന്ത്ര നാട്ടു രാജ്യമായി നില്‍ക്കാനാണ് അവര്‍ തീരുമാനിച്ചത്. പിന്നീട് രാഷ്ട്രീയവും അഭ്യന്തരവുമായ ഒട്ടനവധി പ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ അവര്‍ ഇന്ത്യയുടെ ഭാഗമാവാന്‍ സമ്മതിച്ചു. ഒരു കരാറിലൂടെയാണ് അതിനവര്‍ തയ്യാറായത്. ആ കരാറാണ് കശ്മീരിനുള്ള പ്രത്യേക പദവി.

പ്രത്യേക പദവിയുള്ളത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇന്ത്യയുടെ ഒരു നിയമവും അവിടെ നടപ്പിലാക്കാന്‍ കഴിയില്ലേ? തെറ്റായ ധാരണകളാണതൊക്കെ. രാജ്യം ഒരു നിയമം കൊണ്ടു വന്നാല്‍ കശ്മീരില്‍ അത് നടപ്പിലാക്കാന്‍ കശ്മീര്‍ സ്‌റ്റേറ്റ് അസംബ്ലിയുടെ കൂടെ അനുമതി വേണം എന്നേയുള്ളൂ. നേരത്തെ അവിടെ ‘പ്രധാനമന്ത്രി’ എന്ന പദവിയുണ്ടായിരുന്നത് 1965 ല്‍ മുഖ്യമന്ത്രിയാക്കിയപ്പോള്‍ സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടില്ലേ. സദര്‍ ഇ റിയാസത് എന്നത് മാറ്റി ഗവര്‍ണര്‍ എന്ന് പുനര്‍ നാമകരണം ചെയ്തപ്പോഴും സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. നീതി ന്യായ സംവിധാനത്തിന്റെ ഹയറാര്‍ക്കിയില്‍ സുപ്രീം കോടതിയെ കൊണ്ടു വന്നപ്പോഴും ഇലക്ഷന്‍ കമ്മീഷന്റെ പരിധിയിലേക്ക് കശ്മീരിനെ ഉള്‍പ്പെടുത്തിയപ്പോഴും സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. അങ്ങിനെ നോക്കിയാല്‍ രാജ്യത്തെ ഏതാണ്ടെല്ലാ നിയമങ്ങളും പല നിലക്ക് സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്.

പിന്നെ അമിത് ഷാ ചോദിക്കുന്നത് ഞഠക യും അഴിമതി നിരോധന നിയമവും അവിടെ നടപ്പിലാക്കാന്‍ പറ്റിയോ എന്നാണ്. ബെസ്റ്റ് ക്വസ്റ്റ്യനാണ്. ഈ രണ്ട് നിയമത്തിലും വെള്ളം ചേര്‍ത്ത് നിയമം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാ ഈ ചോദ്യവുമായി വന്നിരിക്കുന്നത്.

ഇനി സംഭവിക്കാന്‍ പോകുന്നതെന്താണ്?

1) ഹിത പരിശോധന നടത്താതെ രാജ്യത്തിന്റെ ഭാഗമായി കാശ്മീരിനെ നിര്‍ത്തുന്നതിനെ അന്താരാഷ്ട്ര സമൂഹത്തില്‍ നമ്മള്‍ ന്യായീകരിച്ചത് പ്രത്യേക പദവി ചൂണ്ടിക്കാട്ടിയാണ്. പലപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നാം ആര്‍ജ്ജിച്ചതും ഇതിന്റെ പേരിലാണ്. ആ പിന്തുണയാണ് ബി.ജെ.പി ഇല്ലാതാക്കാന്‍ നോക്കുന്നത്.

2) പതിറ്റാണ്ടുകളോളം വിഘടനവാദികളോടും ആസാദികളോടും പൊരുതിയ ഒരു ജനതയുണ്ട് കശ്മീരില്‍. അവരാണ് ആ മണ്ണിനെ ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കാന്‍ സഹായിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് വിഘടനവാദികള്‍ പറഞ്ഞപ്പോള്‍ അവര്‍ കേട്ടില്ല. ‘ആതംഘ് വാദി’കളുടെ മുമ്പില്‍ അവര്‍ മുട്ടു മടക്കിയില്ല. അതിന്റെ പേരില്‍ കൊടിയ ത്യാഗങ്ങള്‍ അവര്‍ സഹിച്ചു. പലര്‍ക്കും ജീവന്‍ നഷ്ടമായി. അപ്പോഴും പ്രത്യേക പദവി ഉയര്‍ത്തിക്കാട്ടി അവര്‍ പൊരുതി. ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. അങ്ങിനെയുള്ളൊരു ജനവിഭാഗത്തെ നോക്കിയാണ് ബി.ജെ.പി സര്‍ക്കാര്‍ കൊഞ്ഞനം കുത്തിയത്.

3) കശ്മീരിലെ മണ്ണ് മാത്രം പോര നമുക്ക്. അവിടുത്തെ ജനത കൂടി വേണം. പ്രത്യേക പദവി എടുത്തു കളയുന്നതോടെ അവരെ ശത്രുക്കളാക്കാനല്ലാതെ മിത്രങ്ങളാക്കാന്‍ നമുക്ക് കഴിയാതെ പോകും. കശ്മീരില്‍ അശാന്തി മാത്രമാവും ഫലം.

കശ്മീരില്‍ അശാന്തി ഉണ്ടായാല്‍ ബിജെപിക്ക് ഇനിയും ലാഭം കൊയ്യാനായേക്കും. പക്ഷേ നെഹ്‌റു മുതലിങ്ങോട്ട് ഒരുപാട് ഭരണാധികാരികളുടെയും അതിനു മുമ്പൊരുപാട് സ്വാതന്ത്ര്യ സമര സേനാനികളുടെയും കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഇന്നീ കാണുന്ന ഇന്ത്യ എന്നത് വിസ്മരിക്കരുത്. യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ക്കത് മനസ്സിലാവില്ലെങ്കിലും എല്ലാവരും അങ്ങിനെയാവുമെന്ന് കരുതരുത്.

web desk 3: