X

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടി. അവശ്യവസ്തുക്കളുടെ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമാതീതമായ വിലവര്‍ധനവ് കാരണം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. ആളുകള്‍ വാങ്ങാത്തത് കൊണ്ട് കമ്പനികള്‍ ഉല്‍പന്നങ്ങളുടെ തൂക്കം കുറയ്ക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളോട് അന്താരാഷ്ട്ര കാര്യങ്ങള്‍ പറയുകയല്ല വേണ്ടത്. വിലക്കയറ്റം ഗൗരവത്തിലെടുത്ത് ചര്‍ച്ച ചെയ്യണം. – പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാമ്പത്തിക മാന്ദ്യം കാരണം വരുമാനക്കുറവുണ്ട്. ഇത് മാര്‍ക്കറ്റിനെയും ബാധിക്കുന്നു. അരിവില ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഒരു വര്‍ഷം ഒമ്പത് ശതമാനം വില കൂടി. പച്ചക്കറി വിലയും വര്‍ദ്ധിക്കുന്നു. കൃഷിക്കാര്‍ക്ക് വില കിട്ടാത്തത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. അധികം വരുന്ന ഉല്‍പന്നങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിച്ച് ക്ഷാമകാലത്ത് ഉപയോഗിക്കുന്ന സംവിധാനമാണ് പല രാജ്യങ്ങളും പരീക്ഷിക്കുന്നത്. ആ നിലവാരത്തിലേക്ക് കേരളത്തെ കൊണ്ടുപോകണം. കുട്ടനാട്ടില്‍ നെല്ല് ലഭ്യമാകുന്ന സമയത്ത് വാങ്ങില്ല. അപ്പോള്‍ ആ നെല്ല് അവിടെ കിടന്ന് മുളയ്ക്കും. അന്യസംസ്ഥാനങ്ങളില്‍ ക്ഷാമം വന്നാല്‍ ഇവിടെ ക്ഷാമം കൂടുമെന്ന് പറഞ്ഞിട്ട് കാര്യമില്ല. വിപണിയില്‍ ആവശ്യമായ രീതിയില്‍ ഇടപെടണം. അന്തര്‍ദേശീയ കാര്യങ്ങള്‍ പറഞ്ഞ് വിലക്കയറ്റം മറച്ചുപിടിക്കാമെന്ന് കരുതേണ്ട. ബ്രഡ്ഡ് തന്നെ വേണോ, കേക്ക് തിന്നാല്‍ പോരേ എന്ന് ചോദിക്കുന്ന ശൈലി പാടില്ല. അരി തന്നെ വേണോ, കപ്പയും മത്തിയും പോരേ എന്ന് നേരത്തെ ചിലര്‍ ചോദിച്ചിരുന്നു. അതേ മാതൃകയിലാണ് ഇപ്പോള്‍ മന്ത്രിയും ചോദിക്കുന്നത്. -പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടി.വി ഇബ്രാഹിം എം.എല്‍.എയാണ് പ്രതിപക്ഷത്തിന് വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ജനകീയ പ്രശ്നത്തെ മന്ത്രി പരിഹാസത്തോടെ നേരിട്ടതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

web desk 3: